വിജയ് നായകനായ മാസ്റ്ററില്‍ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് മലയാളിയായ മാളവിക മോഹനന്‍. മെഗാഹിറ്റ് ബോളിവുഡ് സിനിമകള്‍ക്ക് വരെ ക്യാമറ ഒരുക്കിയ കെ.യു മോഹനന്റെ മകളായ മാളവികയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു സിനിമ.

വിജയ്‌യുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറയുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക. സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ്, വിജയ് സേതുപതി ഇവരെല്ലാം ഏതു നടിയുടെയും ബക്കറ്റ് ലിസ്റ്റിലുള്ള പേരുകളാണല്ലോ എന്ന് മാളവിക പറയുന്നു. മാസ്റ്ററിന്റെ ഷൂട്ടിനിടയില്‍ വിജയ് തന്നെ പ്രശംസിച്ചതിനെപ്പറ്റിയും മാളവിക പറയുന്നു.

‘ഒരു വര്‍ഷം മുമ്പാണ് മാസ്റ്ററിന്റെ ഷൂട്ട് കഴിഞ്ഞത്. ഇപ്പോഴും വിജയ് പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്. അഭിനയം തുടരണം, മികച്ച ഭാവിയുണ്ട് എന്ന്. അധികം സംസാരിക്കാത്ത ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് കിട്ടുന്നത് വലുതല്ലേ’, മാളവിക പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിനാണ് മാസ്റ്റര്‍ റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും ഞങ്ങളെല്ലാം വലിയ ത്രില്ലിലായിരുന്നുവെന്നും അപ്പോഴാണ് കൊവിഡ് കാരണം തിയറ്റര്‍ അടച്ചിട്ടതെന്നും മാളവിക പറയുന്നു. അടുത്ത സിനിമ ധനുഷിനൊപ്പമുള്ള ഡി ഫോര്‍ ത്രീയാണെന്നും നടി പറഞ്ഞു.

പേട്ടയായിരുന്നു മാളവികയുടെ ആദ്യ തമിഴ് സിനിമ. ചെറിയ കഥാപാത്രമായിരുന്നു പേട്ടയിലേതെങ്കിലും അത് തെരഞ്ഞെടുക്കാന്‍ മടിയൊന്നും തോന്നിയില്ലെന്നും പിന്നീട് വരുന്ന അവസരങ്ങളെ ആ കഥാപാത്രം സ്വാധീനിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malavika Mohanan says about Vijay