സര്‍ക്കാറിന് കനത്ത തിരിച്ചടി; ഫ്രഷ്‌കട്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമില്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Kerala
സര്‍ക്കാറിന് കനത്ത തിരിച്ചടി; ഫ്രഷ്‌കട്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമില്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
അഞ്ജു ചന്ദ്രന്‍
Thursday, 13th August 2026, 3:57 pm

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്‌കട്ടില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി. ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. ഫ്രഷ്‌കട്ട് അറവുമാലിന്യ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോയ്‌ക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

ഫ്രഷ്‌കട്ട് പ്രവര്‍ത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. പ്ലാന്റില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിയതായി തെളിവ് ഇല്ലെന്ന ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടും കോടതി ചൂണ്ടികാട്ടി.

ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ സ്ഥാപനം പ്രവര്‍ത്തിക്കാത്തതിനാല്‍ പരിശോധനയില്‍ കാര്യമായ മലിനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്. സ്ഥാപനം പ്രവര്‍ത്തിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളില്‍ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാന്‍ പാടുള്ളൂവെന്നതടക്കമുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.

Content Highlights: Major setback for the government; no bar on Freshcut operations; High Court issues interim order.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.