അഞ്ച്  വർഷത്തിനിടയിൽ വലിയ ഫിൽട്രേഷൻ നടന്നു, അങ്ങനെ ജീവിതത്തിൽ നിന്ന് കുറേപേർ പോയി: മഡോണ സെബാസ്റ്റ്യൻ
Malayalam Cinema
അഞ്ച്  വർഷത്തിനിടയിൽ വലിയ ഫിൽട്രേഷൻ നടന്നു, അങ്ങനെ ജീവിതത്തിൽ നിന്ന് കുറേപേർ പോയി: മഡോണ സെബാസ്റ്റ്യൻ
നന്ദന. ടി
Wednesday, 5th August 2026, 7:19 am

പ്രേമത്തിലെ സെലിനായി എത്തി ചുരുങ്ങിയ കാലം കൊണ്ട് സിനിമാസ്നേഹികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മഡോണ, കിംഗ് ലയർ, വൈറസ്, പദ്മിനി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചറിവുകളെക്കുറിച്ച് മനസുതുറക്കുകയാണ്.

വിവേകമില്ലാത്ത ചില ആളുകൾ ചെയ്യുന്ന കാര്യങ്ങളൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും തനിക്ക് ചുറ്റുമുള്ള മനുഷ്യർക്കിടയിൽ നിലനിർത്തേണ്ട അതിരുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പറയുകയാണ് മഡോണ സെബാസ്റ്റ്യൻ.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram

‘മറ്റുള്ളവരെ കുറ്റം പറയാൻ താത്പര്യമില്ലാത്ത വ്യക്തിയാണ് ഞാൻ. കാരണം അത് അവരുടെ സ്വഭാവമാണ്, ഇത് എന്റെയും. ഒരാൾ എത്ര അർത്ഥശൂന്യമായ കാര്യങ്ങൾ ചെയ്താലും അത് എന്നെ ബാധിക്കുന്ന വിഷയമേയല്ല. എന്നാൽ എന്റെ ബൗണ്ടറികൾ കടന്ന് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ, ഞാൻ അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും. അത് അവരുടെ നഷ്ടമായിരിക്കും, എനിക്ക് അതൊരു വലിയ കാര്യമല്ല. കാരണം അങ്ങനെയല്ലാത്ത ഒരുപാട് നല്ല മനുഷ്യർ എനിക്ക് ചുറ്റുമുണ്ട്. ഇപ്പോൾ കൂടെയുള്ളവരെല്ലാം അടിപൊളിയാണ്,’ നടി പറയുന്നു.

മറ്റുള്ളവരെ അമിതമായി പരിഗണിക്കുന്നതും എല്ലാവർക്കും കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതുമായ ശീലങ്ങളെല്ലാം ഇപ്പോൾ നിർത്തിയെന്ന് പറയുകയാണ് താരം. ജീവിതത്തിൽ ഇനിയും ഇത്തരത്തിലുള്ള തിരിച്ചറിവുകൾ പഠിക്കാനുണ്ടെന്നും മഡോണ കൂട്ടിച്ചേർത്തു.

‘ജീവിതത്തിൽ ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ എനിക്ക് മടിയൊന്നുമില്ല. ഒരു സമയം വരെ എനിക്ക് ചുറ്റും വെക്കേണ്ട ബൗണ്ടറികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാൽ പിന്നീട് മനസിലായി ഇനിയും ബൗണ്ടറികൾ ആവശ്യമാണെന്ന്. ആളുകളെ അമിതമായി പരിഗണിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു, പിന്നീട് അതിന്റെയൊന്നും ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞു.

മറ്റുള്ളവർക്ക് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് എനിക്ക് സന്തോഷം തരുന്ന ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നിർത്തി. എല്ലാവർക്കും നമ്മൾ നല്ലത് ചെയ്യണം, ആരോടും മോശമായി പെരുമാറരുത് എന്നൊക്കെ കരുതിയെങ്കിലും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നാണ് തോന്നുന്നത്. കാരണം നമ്മൾ ചെയ്തു കൊടുക്കുന്ന കാര്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്,’ താരം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു ആവശ്യം വരുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞെന്നും, അതിനാൽ കുടുംബവും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്ന ഒരു ചെറിയ സർക്കിൾ മാത്രമാണ് തനിക്കുള്ളതെന്നും മഡോണ പറഞ്ഞു.

‘വളരെ ചെറിയൊരു സർക്കിൾ മാത്രമാണ് ഞാൻ കൊണ്ടുനടക്കുന്നത്. അതിൽ എന്റെ സുഹൃത്തുക്കളും കുടുംബവും ഞാൻ ഒപ്പം ജോലി ചെയ്യുന്ന ആളുകളുമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ വളരെയധികം കംഫർട്ടബിൾ ആണ്. എന്നെ സ്നേഹിക്കുന്ന ആളുകൾ ചുറ്റുമുണ്ടെന്ന സത്യമൊക്കെ ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.

എനിക്ക് ആവശ്യമുള്ളപ്പോൾ കൂടെ ആരൊക്കെ ഉണ്ടാകുമെന്നും ഞാൻ മനസിലാക്കിയതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജീവിതത്തിൽ വലിയൊരു ഫിൽട്ടറേഷൻ പ്രോസസ്സ് നടന്നു. അങ്ങനെ കുറെപ്പേർ ജീവിതത്തിൽ നിന്ന് പോയി, എന്നാൽ പിന്നീട് വന്നവരെല്ലാം അടിപൊളിയായിരുന്നു,’ മഡോണ കൂട്ടിച്ചേർത്തു.

madona sebastian talks about her romantic characters

മഡോണ സെബാസ്റ്റ്യൻ. Photo. Facebook

Content Highlight: Madona Sebastian opens up about some realizations she got from her life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം