ന്യൂയോര്‍ക്ക്: ഗായകന്‍ എഡ് ഷീരന്റെ യു.എസ് ടൂറിന്റെ ഭാഗമായുള്ള സംഗീത പരിപാടിക്കിടെ ഫലസ്തീനെ പിന്തുണച്ച റാപ്പര്‍ മാക്ലെമോറിനെ(MACKLEMORE) തുടര്‍ന്നുള്ള പര്യടനത്തില്‍ നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്നെ ശേഷിച്ച ടൂറില്‍ നിന്നും ഒഴിവാക്കി എന്ന് അദ്ദേഹം പറഞ്ഞത്.

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ നാലിന് നടന്ന പരിപാടിക്കിടെ മാക്ലെമോര്‍ ഹിന്ദ്‌സ് ഹാള്‍ എന്ന തന്റെ പ്രതിഷേധഗാനം പാടിയതിനുശേഷം ഫ്രീ ഫലസ്തീന്‍ എന്ന് ആക്രോശിക്കുകയായിരുന്നു. സ്‌റ്റേജിലെ സ്‌ക്രീനില്‍ തകര്‍ന്നു കിടക്കുന്ന ഗസയുടെ വീഡിയോയും കാണിച്ചിരുന്നു.

തന്നെ ഒഴിവാക്കിയാല്‍ അല്ലാതെ തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വേദിയുടെ ഉടമസ്ഥര്‍ പറഞ്ഞെന്ന് എഡ് ഷീരന്‍ തന്നെ അറിയിച്ചതായി മക്ലെമോര്‍ കുറിപ്പില്‍ പറഞ്ഞു.

ഒരു പക്ഷം പിടിക്കുന്നത് പണവും ബ്രാന്‍ഡ് ഡീലുകളും സ്‌പോണ്‍സര്‍ഷിപ്പുകളും സ്വകാര്യപരിപാടികളും നഷ്ടമാകാന്‍ കാരണമാകുമെന്നും തനിക്കത് ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മര്‍ദകര്‍ക്കും മര്‍ദിതര്‍ക്കും ഇടയില്‍ നിഷ്പക്ഷത കാണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദി പ്രതിരോധമാകുന്നത് തടയുകയാണ് തന്നെ നിശബ്ദമാക്കുന്നതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രീ ഫലസ്തീന്‍ എന്ന് പറയുന്നതിലൂടെ എനിക്ക് വേദി നഷ്ടപ്പെടുകയാണെങ്കില്‍   അത് തന്റെ ഏറ്റവും വിജയകരമായ പ്രകടനമാകുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ നീണ്ട കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ പോസ്റ്റിനുപിന്നാലെ മാക്ലെമോറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എഡ് ഷീരനൊപ്പം പരിപാടിയില്‍ പങ്കെടുക്കാനിരുന്ന കലാകാരന്മാരും ടൂറിങ് ബാന്‍ഡും പിന്‍വാങ്ങി . അതോടെ ഷീരന്റെ തെക്ക്-വടക്ക് അമേരിക്കന്‍ പര്യടനങ്ങള്‍ അനിശ്ചിതത്വത്തിലായി.

ഐറിഷ് ഗായകന്‍ ആരോണ്‍ റോ, ഐറിഷ് ബാന്‍ഡ് ബിയോഗ, ഡാനിഷ് ബാന്‍ഡ് ലൂക്കാസ് ഗ്രഹാം, അമേരിക്കന്‍ ഗായകന്‍ ഫിന്നീസ് എന്നിവരാണ് തങ്ങള്‍ എഡ് ഷീരന്റെ പര്യടനത്തില്‍ നിന്നും പിന്മാറിയത്.

ഐറിഷ് കലാകാരനായ തനിക്ക് വംശഹത്യയെയും കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമത്തെയും കൈയേറ്റത്തെയും പറ്റി നന്നായി അറിയാമെന്ന് ആരോണ്‍ റോ കുറിച്ചു.

കൊളോണിയലിസത്തെപ്പറ്റി ഞങ്ങള്‍ക്കറിയാം, ഐറിഷ് ആര്‍ടിസ്റ്റ്‌സ് ഫോര്‍ ഫലസ്തീന്‍ മൂവ്‌മെന്റിന്റെ സ്ഥാപകാംഗങ്ങളായ ഞങ്ങള്‍ക്ക് നീതിക്കുവേണ്ടി പോരാടാനുള്ള പ്രതിജ്ഞാബദ്ധരാണെന്ന് ബിയോഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫലസ്തീനിലെ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എഡ് ഷീരനോടൊപ്പമുള്ള പരിപാടിയില്‍ നിന്നും പിന്മാറുന്നുവെന്നും ഫിന്നീസ് കുറിപ്പ് പങ്കുവെച്ചു.

ഇതിനുപിന്നാലെ പ്രസ്താവനയുമായി എഡ് ഷീരന്‍ രംഗത്തെത്തി. പ്രൊമോട്ടര്‍മാരാണ് ഈ തീരുമാനം എടുത്തതെന്ന് ഷീരന്‍ വ്യക്തമാക്കി.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയം തന്നെ അലട്ടുന്നതാണ്. ഇരുവശത്തും ദുരിതമനുഭവിക്കുന്ന ഒരുപാട് പേരുണ്ടെന്നും യുദ്ധങ്ങള്‍ അളക്കാനാവാത്ത വിധം വേദന സൃഷ്ടിക്കുന്നുണ്ടെന്നും എഡ് ഷീരന്‍ കുറിപ്പില്‍ പറഞ്ഞു.

Content Highlight: Macklemore dropped from Ed Sheeran’s US tour after ‘free Palestine’ speech