'എണ്ണിക്കൊണ്ടിരിക്കുന്നു, കോടികളല്ല പറന്നുപൊങ്ങി തകരുന്ന കുമിളകള്‍' വക്കീല്‍ നോട്ടീസയച്ച രാഹുലിനെ പരിഹസിച്ച് ഷഹനാസ്
Kerala
'എണ്ണിക്കൊണ്ടിരിക്കുന്നു, കോടികളല്ല പറന്നുപൊങ്ങി തകരുന്ന കുമിളകള്‍' വക്കീല്‍ നോട്ടീസയച്ച രാഹുലിനെ പരിഹസിച്ച് ഷഹനാസ്
രാഗേന്ദു. പി.ആര്‍
Sunday, 8th February 2026, 4:45 pm

കോഴിക്കോട്: മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് കാണിച്ച് വക്കീല്‍ നോട്ടീസയച്ച ലൈംഗിക പീഡനക്കേസിലെ പ്രതിയും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്.

‘എണ്ണിക്കൊണ്ട് ഇരിക്കുന്നു, കോടികള്‍ അല്ല പറന്ന് പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍….,’ എന്ന് ഷഹനാസ് ഫേസ്ബുക്കില്‍ എഴുതി. കോഴിക്കോട് ബീച്ചില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഷഹനാസിന്റെ പ്രതികരണം.

വ്യാജകാര്‍ഡുമായി വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ഫെര്‍ഫോമന്‍സാണ് രാഹുലിന്റേതെന്നും ഷഹനാസ് പറഞ്ഞു. ഇന്നലെ നീ ആരായിരുന്നുവെന്നും ഇന്ന് നീ ആരാണെന്നും നാളെ നീ ആരാകുമെന്നും പോസ്റ്റില്‍ ചോദ്യമുണ്ട്.

അതേസമയം 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഷഹനാസിന് നോട്ടീസ് അയച്ചത്. ഫെബ്രുവരി മൂന്നിന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും രാഹുല്‍ പറയുന്നു.

100 പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക അതിനായി ചെലവഴിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

അതേസമയം പരസ്യ സംവാദത്തിന് ക്ഷണിച്ചുകൊണ്ടാണ് രാഹുലിനെതിരെ ഷഹനാസ് കോഴിക്കോട് വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. ഷഹനാസ് തന്നെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം കള്ളമാണെന്നും അവർ പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കോഴിയാണെന്ന് തിരിച്ചറിയാന്‍ സ്ത്രീകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ഷഹനാസ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ എന്ന കോഴി തന്റെ സുഹൃത്താണെന്ന് പറയുന്നതില്‍ നാണക്കേടുണ്ടെന്നും ഷഹനാസ് പറഞ്ഞിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍,  വര്‍ഷങ്ങളായി ഉപയോഗിക്കുന്ന തന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്ന് വെല്ലുവിളിച്ചുകൊണ്ടാണ് ഷഹനാസ് പത്രസമ്മേളനം അവസാനിപ്പിച്ചത്.

Content Highlight: MA Shahanas mocks Rahul Mamkootathil for sending legal notice

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.