കണ്ണൂര്‍: എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന്‍.
ശേഷാദ്രിനാഥന്‍ സംഘപരിവാറിന്റെ വിനീതദാസനാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറിയെ നിയമിക്കാന്‍ ബോധപൂര്‍വം സമയം വൈകിപ്പിച്ച ഗവര്‍ണര്‍, തനിക്ക് താത്പര്യമുള്ള ശേഷാദ്രിനാഥന്റെ കാര്യത്തില്‍ ഒപ്പുവെക്കാന്‍ ഒട്ടും വൈകിപ്പിച്ചില്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.
ശേഷാദ്രിനാഥന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്നും നിയമനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പി.എം. നിയാസ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടു. മുന്നണിക്കകത്തുനിന്നുള്ള ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ നിയമനവുമായി മുന്നോട്ട് പോയത്.
029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മണ്ഡല പുനര്‍നിര്‍ണയ കമ്മിറ്റിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗമാണ്. രാഷ്ട്രീയ ചായ്വുള്ള ഒരാള്‍ ഈ പദവിയിലിരിക്കുന്നത് യു.ഡി.എഫിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നിയാസ് മുന്നറിയിപ്പ് നല്‍കി.
ഒട്ടേറെ പ്രവര്‍ത്തകരുടെ വിയര്‍പ്പും രക്തവും കൊണ്ട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നീതിയോടെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം കൊണ്ടാണ് താന്‍ പരാതി ഉന്നയിച്ചതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: M.V. Jayarajan on the Election Commissioner’s appointment.