ന്യൂദല്‍ഹി: അഞ്ച് കോടി രൂപ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള തന്റെ വീഡിയോ ഡബ്ബ് ചെയ്തതാണെന്ന കോണ്‍ഗ്രസ് എം.പി സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ടി.വി 9 എഡിറ്റര്‍ വിനോദ് കാപ്രി. ടി.വി 9 ഭാരത് വര്‍ഷിന്റെ സ്റ്റിംഗ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവന്റെതടക്കം ടി.വി 9 പുറത്തു വിട്ട 15 എം.പി സ്ഥാനാര്‍ത്ഥികളുടേയും വീഡിയോ ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്ന് കാപ്രി പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്കും (സി.എഫ്.എസ്.എല്‍) തെരഞ്ഞെടുപ്പ് കമ്മീഷനും ദൃശ്യങ്ങള്‍ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. സ്റ്റിങ്ങ് ഓപ്പറേഷനു പിന്നില്‍ സി.പി.ഐ.എം ആണെന്ന വാദവും അദ്ദേഹം തള്ളി.

Also Read കോഴ ആരോപണം; എം.കെ രാഘവനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ടി.വി 9 ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ദല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും എം.പി പറയുന്ന ദൃശ്യമായിരുന്നു പുറത്തുവന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഘവന് 20 കോടി രൂപ ചെലവായെന്നും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ ചിലവാണെന്നും രാഘവന്‍ പറയുന്നു. എന്നാല്‍ രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നല്‍കിയ കണക്കില്‍ കാണിച്ചത് 53 ലക്ഷം രൂപ മാത്രമായിരുന്നു.

Also Read കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ഇത് ദൈവത്തിന്റെ പ്രതികാരം; എം.കെ രാഘവനെതിരെ മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍

പോസ്റ്റര്‍ അച്ചടി, ഹോഡിങ്ങ്‌സുകള്‍, ബാനറുകള്‍, റാലികള്‍ എന്നിവയ്ക്കും തെരഞ്ഞെടുപ്പ് ദിവസം മദ്യ വിതരണത്തിനും വലിയ ചെലവുകള്‍ ഉണ്ട്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 2 മുതല്‍ 5 കോടി രൂപ വരെയാണ് ലഭിക്കുകയെന്നും ബാക്കി പണം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താന്‍ തന്നെ സംഘടിപ്പിക്കണമെന്നും പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം എം.കെ രാഘവനെതിരെ നടന്നത് സി.പി.ഐ.എമ്മിന്റെ ഗൂഢാലോചനയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് ഇത് അവഗണിക്കാനുമാണ് യു.ഡി.എഫിന്റെ തീരുമാനം.