2016 ല്‍ പുറത്തിറങ്ങിയ ഗപ്പി, 2019 ല്‍ പുറത്തിറങ്ങിയ അമ്പിളി എന്നീ രണ്ട് സിനിമകളിലൂടെ മലയാളത്തില്‍ പേരെടുത്ത സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ആശാന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.
എന്നാല്‍ ഇതിന് മുമ്പ് ചിത്രത്തിലെ സൂരജ് ആലപിച്ച കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. മലയാളത്തിലെ യുവ ഗാനരചയിതാവ് വിനായക് ശശികുമാര്‍ രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് സിനിമയുടെ സംവിധായകനായ ജോണ്‍പോള്‍ ജോര്‍ജ് ആയിരുന്നു. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ഗപ്പിയിലെ തനിയെ മിഴികള്‍ തുളുമ്പിയോ എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന പുതിയ ഗാനത്തിന് ലക്ഷകണക്കിന് പേരാണ് യൂട്യൂബിലും സ്‌പോട്ടിഫൈയിലുമായി കാഴ്ച്ചക്കാരായിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോ സംഘടിപ്പിച്ച ചടങ്ങില്‍ കുഞ്ഞിക്കവിള്‍ മേഘമേ ഗാനവുമായി ബന്ധപ്പെട്ട് ഗാനരചയിതാവ് വിനായക് ശശികുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘ജോണ്‍ പോള്‍ ചേട്ടനൊപ്പം എന്റെ മൂന്നാമത്തെ സിനിമയാണിത്. ആദ്യം ഗപ്പിയും പിന്നീട് അമ്പിളിയുമായിരുന്നു. ഈ രണ്ട് ചിത്രങ്ങളുടെയും കഥ സിനിമ കാണുന്നത് പോലെയാണ് ജോണേട്ടന്‍ വിവരിച്ചത്. ഗപ്പിയുടെയും അമ്പിളിയുടെയും കഥകള്‍ എനിക്ക് പറഞ്ഞുതന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ഞാന്‍ കരഞ്ഞിരുന്നു. അതേ പോലെതന്നെയാണ് ആശാന്റെ കഥകേട്ടതും. ഒരുഘട്ടത്തില്‍ ഞാന്‍ വളരെ ഇമോഷണലായി. ഇത്തരത്തില്‍ കഥ എന്നെ മൂവ് ചെയ്തപ്പോള്‍ അത് പാട്ടിലൂടെ പ്രതിഫലിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് കുറച്ചുകൂടെ എളുപ്പമാണ്.
ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടനാണ് ആശാന്‍ എന്ന ടൈറ്റില്‍ ക്യാരക്ടര്‍ ചെയ്തിരിക്കുന്നത്. സ്‌പോയിലര്‍ ആവാതെ പറയുകയാണ്, ഈ പാട്ടിന്റെ സാഹചര്യം എന്ന് പറയുന്നത് ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിന് ചെറിയ വിഷമം വരുന്നതാണ്. സിനിമയില്‍ പണ്ട് മുതല്‍ തന്നെ ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രത്തിന് സങ്കടം വന്നാല്‍ നമുക്കാര്‍ക്കും സഹിക്കാന്‍ പറ്റില്ല. ആ ഒരു വേദനയെ എങ്ങനെ മെലോഡ്രമാറ്റിക്ക് അല്ലാതെ എഴുതാം എന്ന ശ്രമത്തിന്റെ ഫലമായിരുന്നു ഈ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനം,’ വിനായക് പറയുന്നു.
സോഷ്യല്‍ മീഡിയ റീല്‍സിലെ അല്‍ഗോരിതം ക്രാക്ക് ചെയ്യുന്ന തരത്തിലുള്ള ഗാനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മനസ്സിന് കുളിര്‍മ തരുന്ന ഹൃദയത്തില്‍ നിന്ന് വരുന്ന ഒരു മെലഡി ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും വിനയാക് പറഞ്ഞു. ഗാനം ഇറങ്ങിയപ്പോള്‍ എല്ലാം അല്‍ഗോരിതത്തെ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടീം കോലും എന്ന ചിത്രത്തിനായി ഗാനങ്ങള്‍ എഴുതി തുടങ്ങിയ വിനായക് അടുത്തിടെയിറങ്ങിയ കളങ്കാവല്‍, സര്‍വ്വം മായ, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, തുടരും തുടങ്ങിയ ഗാനങ്ങള്‍ക്കും വരികള്‍ രചിച്ചിരുന്നു. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തുന്നുവെന്ന പ്രത്യേകതയുള്ള ആശാന്‍ നിര്‍മിച്ചിരിക്കുന്നത് ഗപ്പി സിനിമാസാണ്.
Content Highlight: Lyricist Vinayak Sasikumar talks about writing Kunjikavil Meghame song
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.