2026 ഫിഫ ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടമാണ്. ഗ്രൂപ്പ് എല്ലില്‍ നടക്കുന്ന ഈ ഗ്ലാമര്‍ മത്സരം ജൂണ്‍ 18നാണ് നടക്കുന്നത്. ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഗ്രൂപ്പ് എല്ലില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
കിരീടമെന്ന ഒറ്റ ലക്ഷ്യവുമായാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് തന്റെ അഞ്ചാം ലോകകപ്പിലെത്തുന്നത്. ഈ ലോകകപ്പ് മോഡ്രിച്ചിന്റെ അവസാന ലോകകപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങുന്നതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും മോഡ്രിച്ചിനുണ്ട്. ഇന്റര്‍നാഷണല്‍ ഫുട്ബാളില്‍ 200 മത്സരങ്ങള്‍ എന്ന നേട്ടമാണ് ക്രൊയേഷ്യന്‍ ഇതിഹാസത്തിന്റെ മുന്നിലുള്ളത്.
ഇതുവരെ 198 മത്സരങ്ങളിലാണ് ക്രൊയേഷ്യന്‍ നായകന്‍ കളത്തിലിറങ്ങിയത്. രണ്ട് മത്സരങ്ങളില്‍ കൂടി കളത്തിലിറങ്ങിയാല്‍ 200 എന്ന മാന്ത്രിക സംഖ്യയിലെത്താനും മുന്‍ റയല്‍ മാഡ്രിഡ് താരത്തിന് സാധിക്കും. രണ്ട് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബദര്‍ അല്‍ മുതവ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. 199 മത്സരങ്ങള്‍ കളിച്ച അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി മോഡ്രിച്ചിന്റെ മുന്നിലുണ്ട്.
അതേസമയം 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫൈനല്‍ വരെ മുന്നേറാന്‍ ക്രൊയേഷ്യക്ക്സാധിച്ചു. ഫൈനല്‍ വരെ കുതിപ്പ് തുടര്‍ന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് 4-2ന് തോല്‍ക്കുകയായിരുന്നു. 2022 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ലൂസേഴ്സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചായിരുന്നു മെഡല്‍ സ്വന്തമാക്കിയത്. ഇത്തവണ കിരീടം നേടി മടങ്ങാനാവും മോഡ്രിച്ചും സംഘവും ലക്ഷ്യം വെക്കുക.
Content Highlight: Luka Modric and Lionel Messi set to play 200 international matches