മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി. കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

ചിത്രത്തില്‍ ജയിലില്‍ വെച്ച് ചിത്രീകരിക്കേണ്ട ഒരുപാട് സീക്വന്‍സുകള്‍ ഉണ്ടെന്നും അതിനായി താന്‍ റഫര്‍ ചെയ്യാന്‍ പോകുന്ന ചിത്രം സ്വര്‍ഗവാസലാണെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തിലെ നായകനായ ആര്‍.ജെ. ബാലാജിയും താനും നല്ല സുഹൃത്തുക്കളാണെന്നും സ്വര്‍ഗവാസലിനെപ്പറ്റി ബാലാജി പറഞ്ഞപ്പോള്‍ താന്‍ എക്‌സൈറ്റഡായെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

വെറുമൊരു സാധാരണ ജയില്‍ ചിത്രമായിരിക്കും സ്വര്‍ഗവാസലെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ വളരെയധികം ഇന്റന്‍സായിട്ടുള്ള ആക്ഷന്‍ സീനുകളുണ്ടെന്ന് മനസിലായെന്നും ലോകേഷ് പറഞ്ഞു. കൈതി 2വിന്റെ പ്രധാന ഭാഗങ്ങളെല്ലാം ജയിലില്‍ വെച്ചാണ് ചിത്രീകരിക്കുന്നതെന്നും സ്വര്‍ഗവാസലിനെക്കാള്‍ ഇന്റന്‍സാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗവാസലിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘ഞാനും ബാലാജിയും നല്ല സുഹൃത്തുക്കളാണ്. സിനിമകളെപ്പറ്റിയാണ് ഞങ്ങള്‍ അധികവും സംസാരിക്കാറുള്ളത്. അങ്ങനെയാണ് അവന്‍ സ്വര്‍ഗവാസലിനെപ്പറ്റി എന്നോട് പറഞ്ഞത്. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. നല്ല ഇന്റന്‍സായിട്ടാണ് ഇതിലെ ആക്ഷന്‍ സീനുകള്‍ എടുത്തിട്ടുള്ളത്. സാധാരണ ജയില്‍ സിനിമ എന്ന് വിചാരിച്ചാണ് കണ്ടുതുടങ്ങിയത്. ആക്ഷന്‍ സീനുകളും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും അപാരമാണ്.

പക്ഷേ ഇതിന്റെ കഥ പോകുന്ന രീതി അപാരമാണ്. കൈതി 2വിലെ ജയില്‍ സീനുകള്‍ ഒരുപാടുണ്ട്. ആ സിനിമക്ക് വേണ്ടി സ്വര്‍ഗവാസല്‍ ഒരു റഫറന്‍സായി എടുത്താലോ എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കൈതി 2വിന്റെ കഥ കുറച്ചുകൂടി മോഡിഫൈ ചെയ്താലോ എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. എനിക്ക് ഈ സിനിമ വളരെയധികം ഇഷ്ടമായി,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj says he will take reference from Sorgavaasal movie for Kaithi 2