ഒരുലോഡ് മീമുകളാണ് കെട്ടിക്കിടക്കുന്നത്, ട്രോളാന്‍ നിന്നവരുടെ അണ്ണാക്കില്‍ അമിട്ട് പൊട്ടിച്ച് ലോകിയുടെ കംബാക്ക്
Indian Cinema
ഒരുലോഡ് മീമുകളാണ് കെട്ടിക്കിടക്കുന്നത്, ട്രോളാന്‍ നിന്നവരുടെ അണ്ണാക്കില്‍ അമിട്ട് പൊട്ടിച്ച് ലോകിയുടെ കംബാക്ക്
അമര്‍നാഥ് എം.
Saturday, 8th August 2026, 9:36 pm

2025 ഓഗസ്റ്റ് 14, തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ ഒരു സിനിമ പ്രദര്‍ശനത്തിനെത്തുന്നു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ഒന്നിച്ച കൂലി അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളൊരുക്കിയ ലോകേഷ് കനകരാജ് സൂപ്പര്‍സ്റ്റാറിനൊപ്പം ഒന്നിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമെത്തി. എന്നാല്‍ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ ലോകേഷ് നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ അറ്റാക്കാണ്. അതുവരെ തലയിലേറ്റി ആഘോഷിച്ചവരെല്ലാം കൂട്ടം ചേര്‍ന്ന് ലോകേഷിനെ ആക്രമിച്ചു. അയാളുടെ മുഖം വെച്ച് പടച്ചുവിട്ട മീമുകള്‍ക്ക് കൈയും കണക്കുമില്ലായിരുന്നു. ഇതിനിടയിലാണ് ലോകേഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്.

ഡി.സി എന്ന് പേരിട്ട ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. ചിത്രം നിരാശപ്പെടുത്തിയാല്‍ ഇതുവരെ കിട്ടിയതിന്റെ ഇരട്ടി ട്രോളുകളായിരുന്നു ലോകേഷിനെ കാത്തിരുന്നത്. എന്നാല്‍ ട്രോളാന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് ഡി.സി വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്നാണ് പലരും ഡി.സിയെ വിശേഷിപ്പിക്കുന്നത്.

അത്ര പുതുമയില്ലാത്ത ഒരു കഥ തന്റെ മേക്കിങ് കൊണ്ട് അരുണ്‍ മാതേശ്വരന്‍ ഗംഭീരമാക്കിയപ്പോള്‍ നായകനായുള്ള അരങ്ങേറ്റം ലോകേഷും മോശമാക്കിയില്ല. ഭാവങ്ങള്‍ വാരിവിതറാനോ അഭിനയിച്ച് വിസ്മയിപ്പിക്കാനോ ഉള്ള ഒന്നും ലോകേഷ് അവതരിപ്പിച്ച ദേവ്ദാസില്‍ ഉണ്ടായിരുന്നില്ല. കുട്ടിക്കാലം മുതല്‍ താന്‍ സ്‌നേഹിച്ചവര്‍ തന്നെ വിട്ട് പോകുന്നതിന്റെ നിരാശയും ആരെയും ഇനി സ്‌നേഹിക്കാന്‍ കഴിയാത്തതിന്റെ സങ്കടവും ലോകേഷില്‍ ഭദ്രമായിരുന്നു.

വിഷാദഭാവം മാത്രം പിടിച്ചുനില്‍ക്കാതെ മാസ് സീനുകളില്‍ കത്തിക്കയറാനും ലോകിക്ക് സാധിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ സീനില്‍ ദേവ്ദാസിന്റെ കണ്ണ് മാത്രം കാണിക്കുന്ന ഒരു ഷോട്ടുണ്ട്. എതിരെ നില്‍ക്കുന്ന പൊലീസുകാരനോടുള്ള ദേഷ്യം കണ്ണില്‍ കൊണ്ടുവന്ന സീന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

കമല്‍ ഹാസന്‍, സൂര്യ, രജിനികാന്ത്, ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാര്‍ത്തി, വിജയ്, ആമിര്‍ ഖാന്‍, നാഗാര്‍ജുന തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങളെയും ക്യാമറക്ക് മുന്നില്‍ നിര്‍ത്തി തനിക്ക് വേണ്ടതെല്ലാം പിഴിഞ്ഞെടുത്ത ലോകേഷ് അവരുടെ പെര്‍ഫോമന്‍സില്‍ നിന്ന് കുറെയൊക്കെ പഠിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതെല്ലാം ഡി.സിയില്‍ കാണാനാകുന്നുണ്ട്.

ഡി.സിയിലെ പെര്‍ഫോമന്‍സിന്റെ പേരില്‍ ട്രോളാന്‍ നിന്നവരുടെ അണ്ണാക്കില്‍ അമിട്ട് പൊട്ടിച്ചെന്ന് തന്നെ പറയാം. കൂലി റിലീസ് ചെയ്ത് ഒരുവര്‍ഷമാകുമ്പോള്‍ ട്രോളിയവരെക്കൊണ്ട് കൈയടിപ്പിച്ചിരിക്കുകയാണ് ലോകി. അഭിനേതാവെന്ന നിലയില്‍ ഞെട്ടിച്ച ലോകേഷ്, അല്ലു അര്‍ജുനുമായുള്ള ചിത്രം ചരിത്രവിജയമാക്കി തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Lokesh getting appreciations for his performance in DC movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം