മമിതയും കയദുവുമൊക്കെ കരുതിയിരുന്നോ, തമിഴിലെ സിംഹാസനം വീണ്ടെടുക്കാന്‍ ഒ.ജി വരുന്നുണ്ട്, സൂര്യ 47ല്‍ നസ്രിയ ഞെട്ടിക്കുമെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
മമിതയും കയദുവുമൊക്കെ കരുതിയിരുന്നോ, തമിഴിലെ സിംഹാസനം വീണ്ടെടുക്കാന്‍ ഒ.ജി വരുന്നുണ്ട്, സൂര്യ 47ല്‍ നസ്രിയ ഞെട്ടിക്കുമെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 11th June 2026, 8:35 am

മലയാളത്തിലെ നടിമാര്‍ തമിഴ് സിനിമാലോകം ഭരിക്കുന്നത് പുതിയ കാര്യമല്ല. 90കള്‍ മുതല്‍ ഈയൊരു രീതി പലപ്പോഴായി കാണാനാകും. തമിഴ് സിനിമലോകം ഒരുപാട് കാലം അടക്കിഭരിച്ച അസിന്‍, നയന്‍താര, മീര ജാസ്മിന്‍ തുടങ്ങിയവരെല്ലാം മലയാളത്തില്‍ നിന്നുള്ളവരായിരുന്നു. ഇപ്പോഴും തമിഴിലെ സെന്‍സേഷന്‍ നായികമാരായ മമിത ബൈജു, അനശ്വര രാജന്‍ എന്നിവരും മലയാളികളാണ്.

നിലവില്‍ ബാക്ക് ടു ബാക്ക് ബിഗ് ബജറ്റ് സിനിമകള്‍ ലൈനപ്പിലുള്ള താരമാണ് മമിത ബൈജു. പ്രേമലുവിലൂടെ ലഭിച്ച റീച്ച് പിന്നീട് പല വലിയ അവസരങ്ങളും താരത്തിന് നല്‍കി. വിജയ്‌യുമൊത്ത് ജന നായകനും സൂര്യക്കൊപ്പം വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നിങ്ങനെ നിരവധി പ്രൊജക്ടുകള്‍ മമിതയുടെ ലൈനപ്പിലുണ്ട്.

മമിത, കയദു ലോഹര്‍ Photo: Cinejosh

എന്നാല്‍ ഇപ്പോള്‍ തമിഴില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മമിത, കയദു ലോഹര്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയായി മറ്റൊരു മലയാളി താരം വരുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ സംസാരം. മലയാളികളുടെ സ്വന്തം നസ്രിയയുടെ തമിഴിലേക്കുള്ള തിരിച്ചുവരവ് പലര്‍ക്കും വെല്ലുവിളിയാകുമെന്ന് സോഷ്യല്‍ മീഡിയയിലെ ആരാധകക്കൂട്ടം അഭിപ്രായപ്പെടുന്നു. കഴിഞ്ഞദിവസം സൂര്യക്കൊപ്പം നസ്രിയ നില്‍ക്കുന്ന ലൊക്കേഷന്‍ പിക് വൈറലായതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമായത്.

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക. 12 വര്‍ഷത്തിന് ശേഷമാണ് നസ്രിയ തമിഴിലേക്ക് തിരിച്ചെത്തുന്നത്. ജയ് നായകനായ തിരുമണം എന്നും നിക്കാഹ് ആയിരുന്നു താരത്തിന്റെ അവസാന തമിഴ് ചിത്രം. മൂന്ന് വര്‍ഷത്തിനിടെ ചെയ്ത അഞ്ച് സിനിമകള്‍ കൊണ്ട് തമിഴില്‍ വലിയൊരു ഫാന്‍ ബേസ് നസ്രിയ സ്വന്തമാക്കിയിരുന്നു. ഇപ്പോഴും താരത്തിന്റെ ഫാന്‍ ബേസിന് കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സൂര്യ 47 ഹിറ്റാവുകയാണെങ്കില്‍ തമിഴിലെ പഴയ സിംഹാസനം തിരിച്ച് പിടിക്കാനാകുമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രമാണ് നസ്രിയയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം നസ്‌ലെനും സൂര്യ 47ന്റെ ഭാഗമാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരിച്ചുവരവില്‍ വളരെ ശ്രദ്ധയോടെ മാത്രം ഓരോ പ്രൊജക്ടിനെയും സമീപിക്കുന്ന താരമാണ് നസ്രിയ. ട്രാന്‍സ്, കൂടെ, അന്‍ടേ സുന്ദരാനികി, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളിലെ പ്രകടനം സൂര്യ 47ലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Location pic of Nazriya and Suriya in Suriya 47 viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം