കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നായകനായത് മമ്മൂട്ടി, രണ്ടാം സ്ഥാനത്ത് ധ്യാന്‍ ശ്രീനിവാസന്‍; വൈറലായി പോസ്റ്റ്
Malayalam Cinema
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നായകനായത് മമ്മൂട്ടി, രണ്ടാം സ്ഥാനത്ത് ധ്യാന്‍ ശ്രീനിവാസന്‍; വൈറലായി പോസ്റ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 21st August 2026, 9:39 pm

യാഥാത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാല്‍ സമ്പന്നമാണ് മലയാളം സിനിമ. കണ്ണഞ്ചിപ്പിക്കുന്ന കെട്ടുവിദ്യകളുമായി ഇന്ത്യയിലെ മറ്റ് പല ഇന്‍ഡസ്ട്രികളും പണം പൊടിക്കുമ്പോള്‍ അതേ ബജറ്റില്‍ മലയാളത്തില്‍ മൂന്നും നാലും ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പലരും പറയാറുള്ളത്. മലയാളി താരങ്ങള്‍ നായകന്മാരെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മറ്റ് ഭാഷയിലെ താരങ്ങളെക്കാള്‍ വര്‍ധനവുണ്ടാകുന്നതിലെ ഒരു പ്രധാന കാരണവും ഇത് തന്നെയെന്ന് പറയാം. ഒരു ചിത്രത്തിന് വേണ്ടി മറ്റുള്ളവര്‍ രണ്ട് വര്‍ഷത്തോളം സമയം ചെലവഴിക്കുമ്പോള്‍ മലയാളത്തിലത് രണ്ടും മൂന്നും മാസമായി ചുരുങ്ങാറുണ്ട്.

മമ്മൂട്ടി. Photo: X.com

ഇത്തരത്തില്‍ ഒരു കൗതുകകരമായ കണക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ലീഡ് റോളിലെത്തിയ അഭിനേതാവ് ആരാണെന്ന കണക്കാണ് വൈറലാകുന്നത്. സിനിമാ പേജായ ജെറിന്‍ ജോര്‍ജ്കുട്ടിയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ ലീഡ് റോളിലെത്തിയിരിക്കുന്നത് മലയാളികളുടെ അഭിമാന താരം മമ്മൂട്ടിയാണ്. 37 ചിത്രങ്ങളിലാണ് താരം കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്.

എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ധ്യാന്‍ ശ്രീനിവാസനാണ്. 36 ചിത്രങ്ങള്‍ ഈ കാലയളവില്‍ ധ്യാനിന്റേതായി തിയേറ്ററുകളിലെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് മാസം കൂടുമ്പോള്‍ ധ്യാന്‍ ചിത്രമിറക്കാറുണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും തിയേറ്ററില്‍ പരാജയമായി വാഷൗട്ടാകറാണ് പതിവ്. ഈ ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുക്കുന്ന അഭിമുഖങ്ങളിലൂടെയാണ് ധ്യാനിന് ഇന്റര്‍വ്യൂ സ്റ്റാറെന്ന വിളിപ്പേര് ലഭിച്ചിരിക്കുന്നത്.

ധ്യാന്‍. Photo: X.com

ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് തമിഴ് നടന്‍ വിജയ് സേതുപതിയാണ്. 34 ചിത്രങ്ങളില്‍ താരം ലീഡ് റോളില്‍ എത്തിയിട്ടുണ്ട്. ലിസറ്റില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത് മലയാളി താരം കുഞ്ചാക്കോ ബോബനാണ്, 33 ചിത്രങ്ങള്‍. അഞ്ചാം സ്ഥാനം ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും മോളിവുഡ് സൂപ്പര്‍ താരം ടൊവിനോ തോമസും പങ്കിട്ടിരിക്കുകയാണ്. 32 ചിത്രങ്ങളാണ് ഇരുവരും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ചെയ്തിരിക്കുന്നത്.

Content Highlight: List of most film starred actors in India goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.