കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് അര്‍ജന്റീനയും ലയണല്‍ മെസിയും. കഴിഞ്ഞ ബ്രസീലിനെ പരാജയപ്പെടുത്തി നേടിയ കിരീടം നിലനിര്‍ത്താനായിരിക്കും അര്‍ജന്റീന കളത്തിലിറങ്ങുക.

ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന കിരീട പോരിനിറങ്ങുന്നത്. അര്‍ജന്റീനക്കൊപ്പം പെറു, ചിലി, കാനഡ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ജൂണ്‍ 21ന് കാനഡയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം നടക്കുന്നത്.

കോപ്പയില്‍ അര്‍ജന്റീനന്‍ നായകനെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്. കോപ്പ അമേരിക്കയില്‍ ഒരു ഗോള്‍ കൂടി നേടാന്‍ മെസിക്ക് സാധിച്ചാല്‍ തുടര്‍ച്ചയായ ഏഴാം കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഗോളടിക്കുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് നടന്നു കയറാന്‍ മെസിക്ക് സാധിക്കും.

ഇതിനോടകം തന്നെ ഏറ്റവും കൂടുതല്‍ തവണ കോപ്പ അമേരിക്കയില്‍ കളിക്കുന്ന താരം എന്ന റെക്കോഡ് മെസി സ്വന്തമാക്കിയിരുന്നു. അഞ്ച് ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീനക്കായി പന്തുതട്ടിയ മുന്‍ താരം ഹാവിയര്‍ മഷരാനൊയെ മറികടന്നു കൊണ്ടായിരുന്നു മെസി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഈ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയാല്‍ അപൂര്‍വ നേട്ടവും സ്വന്തം പേരില്‍ കുറിക്കാന്‍ മെസിക്ക് സാധിക്കും.

അതേസമയം നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കോപ്പ അമേരിക്കയിലും ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി മെയ് 10ന് നടന്ന ഇക്വഡോറിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം അര്‍ജന്റീന സ്വന്തമാക്കിയിരുന്നു.  കോപ്പയ്ക്ക് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ നാളെ ഗ്വാട്ടിമാലക്കെതിരെ മെസിയും കൂട്ടരും ബൂട്ടുകെട്ടും.

 

Content Highlight: Lionel Messi Waiting for a new Milestone in Copa America 2024