ലീഗ് വണ്ണില്‍ പാരീസ് സെന്റ് ഷെര്‍മാങ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒ.ജി.സി നൈസിനെ (OGC Nice) ഒന്നിനെതിരെ രണ്ട് ഗോളിനാണ് പാരീസ് വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഒ.ജി.സി വലകുലുക്കിയത്. മത്സരത്തിന്റെ 29ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.
ആദ്യ പകുതിയില്‍ പിന്നിലായ നൈസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പി.എസ്.ജിയെ ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടില്‍ ലബോര്‍ഡെയിലൂടെ നൈസ് തിരിച്ചടിച്ചു.

ഒടുവില്‍ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ഏഴ് മിനിട്ട് ബാക്കി നില്‍ക്കെ എംബാപ്പെയായിരുന്നു പി.എസ്.ജിക്കായി വിജയ ഗോള്‍ കണ്ടെത്തിയത്.
ഇതോടെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു സമനിലയുമടക്കം 25 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പി.എസ്.ജിക്കായി.
കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ മെസി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിലെ ആവേശകരമായ ഏഴ് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
