ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ പ്രണയമാണെന്ന് തോന്നരുത്, അത്രയും ശ്രദ്ധിച്ചാണ് ആ വേഷം ചെയ്തത്: ലിജോമോൾ ജോസ്
malayalam movie
ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ പ്രണയമാണെന്ന് തോന്നരുത്, അത്രയും ശ്രദ്ധിച്ചാണ് ആ വേഷം ചെയ്തത്: ലിജോമോൾ ജോസ്
നന്ദന. ടി
Saturday, 1st August 2026, 8:19 am

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലിജോമോൾ ജോസ്. 2016-ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2025-ൽ പുറത്തിറങ്ങിയ പൊന്മാൻ എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെയും ലിജോമോളുടെയും അഭിനയത്തിന് മികച്ച പ്രേക്ഷകപ്രശംസയാണ് ലഭിച്ചിരുന്നത്. ദി ഷോകേസ് ജേണൽ എന്ന യൂട്യൂബ് ചാനലിൽ പൊന്മാൻ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി.

ലിജോമോൾ ജോസ്. Photo. Screen Grab/ Youtube

പൊന്മാൻ സിനിമയുടെ ക്ലൈമാക്സ് സീൻ പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് മനസിലാക്കാൻ വിട്ടുകൊടുക്കുന്ന രീതിയിൽ ആണ് അവസാനിപ്പിച്ചിട്ടുള്ളതെന്ന് ലിജോമോൾ പറയുന്നു.

പൊന്മാൻ സിനിമയുടെ ക്ലൈമാക്സ് സീൻ പ്രേക്ഷകരുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് മനസിലാക്കാൻ വിട്ടുകൊടുക്കുന്ന രീതിയിൽ ഒരു ഓപ്പൺ എൻഡഡ് ആയാണ് അവസാനിപ്പിച്ചിട്ടുള്ളത്. കാരണം സിനിമയുടെ അവസാന ഭാഗത്ത് അജേഷും സ്റ്റെഫിയും കല്യാണം കഴിച്ചെന്നോ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നോ എവിടെയും പറയുകയോ സൂചന നൽകുകയോ ചെയ്യുന്നില്ല.

എന്നാൽ സിനിമയ്ക്ക് ആസ്പദമായ നോവലിൽ അവർ കല്യാണം കഴിക്കുന്ന രീതിയിലാണ് ഉള്ളത്. പക്ഷെ സിനിമയിൽ ആളുകൾക്ക് അത് എങ്ങനെ സങ്കൽപ്പിക്കാനാണോ ഇഷ്ടം, ആ രീതിയിൽ ഇരിക്കട്ടെ, അതാണ് അതിന്റെ ഭംഗി എന്ന നിലയ്ക്കാണ് അങ്ങനെ വിട്ടതെന്ന് ലിജോമോൾ പറയുന്നു.

സിനിമയിൽ തന്റെ അഭിനയം കൊണ്ടോ ശരീരഭാഷ കൊണ്ടോ കഥാപാത്രങ്ങൾക്കിടയിലെ ബന്ധത്തെക്കുറിച്ച് പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യത വരുത്താതെ വളരെ ശ്രദ്ധയോടെയാണ് അഭിനയിച്ചതെന്ന് ലിജോമോൾ വ്യക്തമാക്കി.

‘എനിക്ക് സ്റ്റെഫി എന്ന കഥാപാത്രം അവതരിപ്പിക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. കാരണം അവർക്കിടയിൽ എന്തോ ഒരു അടുപ്പമുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നാം. അതിനപ്പുറത്തേക്ക് എന്റെ ഒരു നോട്ടം കൊണ്ടോ ശരീരഭാഷ കൊണ്ടോ ഒരു പ്രണയം ഫീൽ ചെയ്യാൻ പാടില്ലല്ലോ. പ്രത്യേകിച്ച് അജേഷിന്‌ കത്തിക്കുത്ത് കിട്ടിക്കഴിഞ്ഞിട്ട് സ്റ്റെഫി കാണാൻ പോകുമ്പോൾ നിന്റെ മേത്ത് മണ്ണ് വീഴാതെ നോക്കണം എന്ന് പറയുന്ന ആ സീനൊക്കെ ഞാൻ വളരെ ശ്രദ്ധിച്ചാണ് ചെയ്തത്.

കാരണം അവിടെ ചെറിയൊരു ചിരി വന്നാൽ പോലും ചിലപ്പോൾ അത് പ്രണയമായി ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യത കൂടുതലായിരുന്നു. അതുപോലെ അവസാനത്തെ ആ തോണിയിൽ രണ്ടുപേരും യാത്ര ചെയ്യുന്ന സീനും അങ്ങനെ തന്നെയാണ്. ചിലർക്ക് അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്, എന്നാൽ ചിലർക്ക് വേണ്ട, കാരണം എന്ത് പറഞ്ഞാലും അവൾ സ്വർണം വെച്ച് പറ്റിച്ച ആളാണെന്ന ഒരു തോന്നലുണ്ട്,’ ലിജോമോൾ പറഞ്ഞു.

ബേസിൽ ജോസഫ് എന്ന നടന്റെ ഒരു കരിയർ ബെസ്റ്റ് കഥാപാത്രമായിരുന്നു അജീഷ് എന്നും, ആ ഒരു കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ട് സ്വന്തം സ്വഭാവം മാറ്റിവെച്ചാണ് അദ്ദേഹം സെറ്റിൽ ഉണ്ടായിരുന്നതെന്നും ലിജോമോൾ ഓർത്തെടുത്തു.

‘ഞാൻ ഇന്റർവ്യൂകളിൽ ഒക്കെ കണ്ട ബേസിൽ എന്ന് പറയുന്നത് വളരെ എനർജറ്റിക് ആയിട്ടുള്ള ഒരാളാണ്. അതുകൊണ്ട് സെറ്റിലും അങ്ങനെയൊക്കെ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ പുറത്തൊന്നും കാണുന്ന ബേസിലിന്റെ ആ ഒരു ഫൺ എലമെന്റ്സ് ഒന്നും സെറ്റിൽ കണ്ടിരുന്നില്ല.

കാരണം ആ ഒരു കഥാപാത്രത്തെ അദ്ദേഹം അത്രയും ഉൾക്കൊണ്ടിട്ടുണ്ടായിരുന്നു. ബേസിൽ ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നു, ആ ചെളിയിലൊക്കെയുള്ള ഫൈറ്റ് സീക്വൻസ് ആയാലും അങ്ങനെ തന്നെ. പി. പി അജേഷ് എന്ന ആ കഥാപാത്രം ബേസിലിന്റെ ഒരു കരിയർ ബെസ്റ്റ് ആയിരുന്നു. അതുകൊണ്ട് ഒരുമിച്ച് അഭിനയിച്ചപ്പോൾ ഞാൻ അവിടെ ബേസിലിനെ ആയിരുന്നില്ല, പകരം അജേഷ് എന്ന കഥാപാത്രത്തെയായിരുന്നു സെറ്റിൽ ഉടനീളം കണ്ടത്,’ ലിജോമോൾ ജോസ് പറഞ്ഞു.

പൊന്മാൻ. ബേസിൽ ജോസഫ്. ലിജോമോൾ ജോസ്. Photo. OTTPlay

Content Highlight: Lijomol Jose talks about acting experience in ponman movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം