14 വര്‍ഷത്തില്‍ 12 തവണ നേടിയ കിരീടം കൈവിട്ട് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍; 'പത്ത് പേരുടെ' ടീമിനോട് തോറ്റ് പി.എസ്.ജി
Sports News
14 വര്‍ഷത്തില്‍ 12 തവണ നേടിയ കിരീടം കൈവിട്ട് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍; 'പത്ത് പേരുടെ' ടീമിനോട് തോറ്റ് പി.എസ്.ജി
ആദർശ് എം.കെ.
Monday, 17th August 2026, 1:19 pm

 

ഫ്രഞ്ച് സൂപ്പര്‍ കപ്പ് കിരീടപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ പാരീസ് സെന്റ് ജെര്‍മെയ്‌നിനെ ഞെട്ടിച്ച് ലെന്‍സ്. സ്റ്റേഡ് ബോല്ലേര്‍ട്ട് ഡെലെലിസില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെന്‍സിന്റെ വിജയം.

മത്സരത്തിന്റെ 39ാം മിനിട്ടില്‍ പ്രതിരോധ താരങ്ങളിലൊരാള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും അഡ്വാന്റേജ് മുതലാക്കാന്‍ സാധിക്കാതെ പോയതോടെയാണ് തുടര്‍ച്ചയായി കഴിഞ്ഞ നാല് സീസണുകളില്‍ മുത്തമിട്ട കിരീടം ടീമിന് അടിയറവ് വെക്കേണ്ടി വന്നത്.

2013 മുതല്‍ 2025 വരെയുള്ള 13 വര്‍ഷത്തില്‍ 12 തവണയും ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കള്‍ പി.എസ്.ജി തന്നെയായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

3-4-2-1 എന്ന ഫോര്‍മേഷനിലാണ് ലെന്‍സ് കളത്തിലിറങ്ങിയത്. മറുവശത്ത് 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനില്‍ ലൂയീസ് എന്‌റിക്വ് തന്റെ കുട്ടികളെ കളത്തിലിറക്കി.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ യൂറോപ്യന്‍ കിരീടവും കഴിഞ്ഞ സീസണില്‍ സെക്സ്റ്റപ്പിളും നേടിയ ആത്മവിശ്വാസത്തിലാണ് പുതിയ സീസണിലെ ട്രോഫി ഹണ്ടിന് പി.എസ്.ജി കോപ്പുകൂട്ടിയത്.

മത്സത്തിന്റെ 32ാം മിനിട്ടില്‍ ഫ്‌ളോറിയാന്‍ തൗവിനിലൂടെ ഹോം ടീം മുമ്പിലെത്തി. മാത്യൂ ഉഡോലാണ് ഗോളിന് വഴിയൊരുക്കിയത്.

എന്നാല്‍ ആദ്യ ഗോള്‍ പിറന്ന് ഏഴാം മിനിട്ടില്‍ ലെന്‍സിന് തിരിച്ചടിയേറ്റു. മത്സരത്തിന്റെ 39ാം മിനിട്ടില്‍ കിലിയന്‍ അന്റോണിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ലെന്‍തസ് പത്ത് പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോളിന്റെ ബലത്തില്‍ ലെന്‍സ് ആദ്യ പകുതി മുന്നിട്ടുനിന്നു.

മികച്ച സബ്സ്റ്റിറ്റിയൂഷനുകളുമായി ഇരു പരിശീലകരും തന്ത്രങ്ങള്‍ മെനഞ്ഞു. 77ാം മിനിട്ടില്‍ പി.എസ്.ജി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയെങ്കിലും വാറില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.

ഏത് വിധേനയും ഗോള്‍ മടക്കുക എന്നത് മാത്രമായി പി.എസ്.ജിയുടെ ലക്ഷ്യം. ഇതിനിടെ 87ാം മിനിട്ടില്‍ നുനോ മെന്‍ഡസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അടുത്ത മൂന്ന് മിനിട്ടില്‍ മൂന്ന് തവണയാണ് റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പി.എസ്.ജി ഒരു ഗോളിന് തോല്‍വിയറിഞ്ഞു.

സൂപ്പര്‍ കപ്പ് നഷ്ടമായെങ്കിലും ലീഗ് കിരീടം നിലനിര്‍ത്താനുറച്ച് ഓഗസ്റ്റ് 24നാണ് പി.എസ്.ജി ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടക്കുന്ന മത്സരത്തില്‍ റെന്നെസാണ് എതിരാളികള്‍.

ഓഗസ്റ്റ് 22നാണ് ലെന്‍സ് തങ്ങളുടെ ആദ്യ ലീഗ് മത്സരം കളിക്കുക. ഓക്‌സെറാണ് എതിരാളികള്‍.

 

Content Highlight: Lens defeated PSG to win French Super Cup

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.