World News
'ഞങ്ങൾ ഇവിടുത്തെ ഉടമസ്ഥർ'; ഫലസ്തീനികളെ മർദിച്ചും ആരാധന മുടക്കിയും അൽ അഖ്‌സയിൽ ഇസ്രഈൽ മന്ത്രിമാരുടെ നേതൃത്വത്തില്‍ വൻ കടന്നുകയറ്റം
ജറുസലേം: ഇസ്രഈൽ മന്ത്രിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ വൻതോതിലുള്ള കടന്നുകയറ്റം. ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, നെഗേവ്-ഗലീലി മന്ത്രി ഇത്സാക്ക് വാസർലൗഫ്, ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലെ എം.പി. അമിത് ഹലേവി എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഘടിത നീക്കം ഉണ്ടായത്.
യഹൂദ ഉപവാസ ദിനമായ ‘തിഷ ബവ്’ (Tisha B’Av) പ്രമാണിച്ചാണ് ഏകദേശം 2,300-ലധികം വരുന്ന ഇസ്രഈലി കുടിയേറ്റക്കാർ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയത്. സാധാരണയായി 30 പേർ അടങ്ങുന്ന സംഘങ്ങളെ പ്രവേശിപ്പിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ 150 പേരടങ്ങുന്ന വലിയ സംഘങ്ങൾക്ക് പ്രവേശിക്കാനും ഇസ്രഈൽ പൊലീസ് സൗകര്യമൊരുക്കി.
അൽ-അഖ്‌സ പള്ളി മുസ്ലിങ്ങൾക്ക് മാത്രം പ്രാർത്ഥനാ അവകാശമുള്ള പുണ്യസ്ഥലമാണെന്ന പതിറ്റാണ്ടുകളായുള്ള അന്താരാഷ്ട്ര തൽസ്ഥിതി (Status quo) കരാറുകളെ തികച്ചും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഈ നീക്കം.
പള്ളി അങ്കണത്തിൽ ഇസ്രഈലി പതാകകൾ ഉയർത്തുകയും, പരസ്യമായി പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.പാട്ടുപാടിയും നൃത്തം ചെയ്തും ഇവർ പ്രകോപനം സൃഷ്ടിച്ചു. പള്ളി വളപ്പിനുള്ളിൽ ഒരു ടെന്റും ഇക്കൂട്ടർ സ്ഥാപിച്ചു.
‘ഡോം ഓഫ് ദി റോക്കിന്’ (Dome of the Rock) സമീപം വരെ ജൂത പ്രാർത്ഥനകൾ നടത്താൻ ഇത്തവണ ഇസ്രഈൽ അധികൃതർ അനുവാദം നൽകി.
കുടിയേറ്റക്കാർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനായി, പുലർച്ചെയുള്ള പ്രാർത്ഥനയ്‌ക്കെത്തിയ ഫലസ്തീനികളെ ഇസ്രഈൽ സേന തടയുകയും പള്ളിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടർന്ന് ഫലസ്തീനികൾക്ക് സമീപത്തെ തെരുവുകളിലാണ് പ്രാർത്ഥന നടത്തേണ്ടി വന്നത്.
പ്രാർത്ഥനയ്‌ക്കെത്തിയ ചില ഫലസ്തീനികളെ ഇസ്രായേൽ സേന മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. ആയുധധാരികളായ ഇസ്രഈൽ പൊലീസിന്റെ പൂർണ സംരക്ഷണത്തോടെയായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.
പള്ളിക്കുള്ളിൽ വെച്ച്, “ഞങ്ങൾ ഇവിടുത്തെ ഉടമസ്ഥരാണെന്ന ബോധം ജൂതന്മാർക്കുണ്ട്” എന്ന് മന്ത്രി ബെൻ ഗ്വിർ പരസ്യമായി പ്രസ്താവിച്ചു. ഇസ്‌ലാമിക പുണ്യസ്ഥലത്തിന് മേൽ രാഷ്ട്രീയമായ അധികാരം സ്ഥാപിക്കാനും, മേഖലയുടെ നിയമപരവും മതപരവുമായ ഭരണസംവിധാനത്തിൽ മാറ്റം വരുത്താനുമുള്ള കടുത്ത നീക്കമായാണ് ഫലസ്തീൻ അധികൃതർ ഇതിനെ വിലയിരുത്തുന്നത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ഈ കടന്നുകയറ്റത്തെ ഫലസ്തീൻ മതകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. മേഖലയിൽ ഒരു ‘മതയുദ്ധം’ ആരംഭിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മുന്നറിയിപ്പ് നൽകി.
പള്ളി അങ്കണത്തിലെ ഇത്തരം പ്രകോപനങ്ങൾ പ്രവചനാതീതമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അൽ-അഖ്‌സയിലെ മുതിർന്ന ഇമാമായ ഷെയ്ഖ് എക്രിമ സാബ്രി മുന്നറിയിപ്പ് നൽകി.
ഇസ്രഈലി സമാധാന പ്രസ്ഥാനമായ ‘പീസ് നൗ’ ഈ നടപടിയെ ശക്തമായി വിമർശിക്കുകയും, ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷ തകർക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Content highlight: Led by the extremist Ben-Gvir, more than 2,300 settlers stormed the Al-Aqsa Mosque.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.