മലയാളസിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ സന്ദീപിനും നസ്‌ലെനും ഇവന്‍ വെല്ലുവിളിയായേനെ, വൈറലായി ലാമിന്‍ യമാലിന്റെ എ.ഐ റീലുകള്‍
Malayalam Cinema
മലയാളസിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ സന്ദീപിനും നസ്‌ലെനും ഇവന്‍ വെല്ലുവിളിയായേനെ, വൈറലായി ലാമിന്‍ യമാലിന്റെ എ.ഐ റീലുകള്‍
അമര്‍നാഥ് എം.
Sunday, 15th February 2026, 11:02 am

ഫുട്‌ബോള്‍ ലോകത്തെ വണ്ടര്‍ കിഡ് എന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് സ്പാനിഷ് ഫുട്‌ബോളര്‍ ലാമിന്‍ യമാല്‍. 18 വയസിനുള്ളില്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാന്‍ ഈ അത്ഭുതബാലന് സാധിച്ചു. ബാഴ്‌സലോണക്ക് വേണ്ടിയും സ്‌പെയിനിന് വേണ്ടിയും ഇതിനോടകം നിരവധി ഗോളുകള്‍ അടിച്ചുകൂട്ടിയ യമാല്‍ ഇനിയും കാല്പന്ത് ലോകത്തെ ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് യമാലാണ്. മലയാളത്തിലെ ചില ഇന്‍സ്റ്റഗ്രാം പേജിലെ പ്രധാന താരമാണ് യമാല്‍. എ.ഐ റീലുകളിലൂടെ യമാല്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. മലയാളത്തിലെ പല ഹിറ്റ് സീനുകളും ഫുട്‌ബോള്‍ താരങ്ങളെ ഉപയോഗിച്ച് റീ ക്രിയേറ്റ് ചെയ്യുന്ന റീലുകളില്‍ യമാലാണ് സ്‌കോര്‍ ചെയ്യുന്നത്.

ഫെല്‍ദൂസ് ഫ്രെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ റീലുകളിലെ പ്രധാന താരമാണ് യമാല്‍. ഇന്‍ ഹരിഹര്‍ നഗറില്‍ അപ്പുക്കുട്ടനായും തിളക്കത്തിലെ ഉണ്ണിയായും ക്രേസി ഗോപാലനിലെ ലക്ഷ്മണനായുമെല്ലാം യമാലിന്റെ എ.ഐ മുഖം ചിരിപ്പിക്കുന്നുണ്ട്. കല്യാണരാമനില്‍ കണിയാനെ കാണാന്‍ പോകുന്ന സീനിന്റെ എ.ഐ റീലിലും സ്‌കോര്‍ ചെയ്യുന്നത് യമാല്‍ തന്നെ.

ഫുട്‌ബോളിന് പകരം സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ യമാല്‍ സൂപ്പര്‍സ്റ്റാറായേനെ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മലയാളസിനിമയില്‍ ഒരു കൈ നോക്കിയിരുന്നെങ്കില്‍ സന്ദീപ് പ്രദീപിനും നസ്‌ലെനും യമാല്‍ വെല്ലുവിളിയായേനെയെന്നും കമന്റുകളുണ്ട്. ഫ്രെഡ്ഡിയുടെ റീലുകളില്‍ മെസ്സിയും റൊണാള്‍ഡോയുമൊക്കെ ഉണ്ടെങ്കിലും യമാലിന്റെ എന്‍ട്രിയാകും പലപ്പോഴും ഹൈലൈറ്റ്.

‘സ്‌പോര്‍ട്‌സില്‍ റോണോയും മെസിയും തൂക്കിയാലും റീലില്‍ യമാല്‍ തന്നെയാണ് ഹീറോ’, ‘പഴയ ജഗദീഷിന്റെ എക്‌സ്പ്രഷനെല്ലാം യമാലിന്റെ കൈയില്‍ ഭദ്രം’, ‘ഇന്ത്യയില്‍ ജനിച്ചിരുന്നെങ്കില്‍ യമാലും വിനിയും റീല്‍ ചെയ്ത് സെലിബ്രിറ്റികളായേനെ’, ‘ജമാലു ഇവിടെയും സീന്‍ തന്നെ’, ‘സലീം കുമാറൊക്കെ എന്ത്, ലാമിന്‍ കുമാറാണ് താരം,’ എന്നിങ്ങനെയാണ് യമാലിന്റെ റീലുകളിലെ കമന്റുകള്‍.

ഫെല്‍ദൂസിന്റെ എല്ലാ റീലുകള്‍ക്കും ലക്ഷക്കണക്കിന് വ്യൂസും പതിനായിരക്കണക്കിന് ലൈക്കുകളുമാണ്. എ.ഐയുടെ കടന്നുവരവോടെ സോഷ്യല്‍ മീഡിയ പേജുകളുടെ ക്രിയേറ്റിവിറ്റിയുടെ ലെവല്‍ അടുത്ത തലത്തിലെത്തി എന്നതിന്റെ തെളിവാണ് ഇത്തരം റീലുകള്‍. യമാലിന്റെ റീലുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ.

Content Highlight: Lamine Yamal’s AI reels viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം