അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമ ജീവിതം തുടങ്ങിയ സംവിധായകനാണ് ലാല്‍ ജോസ്. കമല്‍ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായി ലാല്‍ ജോസ് ഉണ്ടായിരുന്നു.

തന്റെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് മമ്മൂട്ടിയുമായി നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് ലാല്‍ ജോസ്. കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ അഴകിയ രാവണന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് ലാല്‍ ജോസ് പറയുന്നത്.

അഴകിയ രാവണന്റെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കുമ്പോള്‍ അതിന്റെ കൂടെ തന്നെ ചിത്രത്തിന്റെ ഡബ്ബിങ്ങും നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം മമ്മൂട്ടിയെ കൊണ്ടുപോയി ഡബ്ബ് ചെയ്യിപ്പിക്കാന്‍ കമല്‍ ലാല്‍ ജോസിനെ ചുമതലപ്പെടുത്തി.

അന്നത്തെ ഡബ്ബിങ് സ്റ്റുഡിയോയിലേക്കുള്ള യാത്രയില്‍ മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നാണ് ലാല്‍ ജോസ് യാത്ര ചെയ്തത്.

ആ യാത്ര അനുഭവങ്ങളാണ് ലാല്‍ ജോസ് പങ്കുവെക്കുന്നത്. യാത്രക്കിടെ മമ്മൂട്ടി തന്നോട് വീട്ടിലെ കാര്യങ്ങള്‍ ഒക്കെ തിരക്കിയെന്നും ഒപ്പം സിനിമ തന്നെ ആണോ ലക്ഷ്യം എന്ന് ചോദിച്ചുവെന്നും ലാല്‍ ജോസ് പറയുന്നു.

‘മമ്മൂക്ക ഡ്രൈവ് ചെയ്യുന്ന കാറില്‍ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വലിയ നിര്‍വൃതിയുള്ള കാര്യമായിരുന്നു. ആ യാത്രയില്‍ മമ്മൂക്ക എന്നോട് പല കാര്യങ്ങളും ചോദിച്ചു. ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് എന്ത് നേടി എന്നും മമ്മൂക്ക ചോദിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു ഒറ്റപ്പാലത്തെ ഒരു ഗ്രാമത്തില്‍ നിന്ന് സിനിമയില്‍ എത്തി, സിനിമയില്‍ എനിക്ക് ഒരു സ്പെയ്സ് കിട്ടി. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ എന്റെ ഡ്രൈവറാണ് എന്ന് ഞാന്‍ പറഞു,’ ലാല്‍ ജോസ് പറയുന്നു.


ഇത് കേട്ട ശേഷം മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരുച്ചുവെന്നും, മമ്മൂട്ടിയുമായി പിന്നീട് ഉണ്ടായ സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ 28മത്തെ എപ്പിസോഡിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlight: Lal jose shares an experience with mammootty