ഒറ്റ ഗോളില്‍ മെസി വീഴും; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി എംബാപ്പെ
Football
ഒറ്റ ഗോളില്‍ മെസി വീഴും; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി എംബാപ്പെ
സുദേവ് എ
Thursday, 9th July 2026, 6:06 pm

2026 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബോസ്റ്റണ്‍ സ്റ്റേഡിയമാണ് വേദി. ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയുടെ മിന്നും ഫോം തന്നെയാവും ടീമിന് കരുത്തുപകരുന്നത്.

ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയാണ് ഫ്രഞ്ച് നായകന്‍ കുതിക്കുന്നത്. എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. നിലവില്‍ ലോകകപ്പ് ചരിത്രത്തില്‍ 19 ഗോള്‍ നേടിയാണ് താരം കുതിക്കുന്നത്. ഈ മത്സരത്തില്‍ ഗോള്‍ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഒരു വമ്പന്‍ നേട്ടവും എംബാപ്പെക്ക് സാധിക്കും.

മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാല്‍ ഈ ലോകകപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനാണ് എംബാപ്പെയ്ക്ക് സാധിക്കുക. മാത്രമല്ല നിലവില്‍ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയെ മറികടക്കാനും എംബാപ്പെയ്ക്ക് സാധിക്കും.

മൊറോക്കോക്കെതിരെ പെനാല്‍റ്റിയിലൂടെയല്ലാതെ ഗോള്‍ നേടിയാല്‍ ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരമാവാന്‍ എംബാപ്പെക്ക് സാധിക്കും. നിലവില്‍ 17 ഗോളുകളുമായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്കൊപ്പമാണ് എംബാപ്പെ. ഒരു ഗോള്‍ നേടിയാല്‍ മെസിയെ മറികടക്കാനും ഒന്നാം സ്ഥാനത്തെത്താനും ഫ്രഞ്ച് നായകന് സാധിക്കും.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – അര്‍ജന്റീന – 17

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 17

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

അതേസമയം മത്സരത്തില്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് ഫുട്ബോള്‍ അനലിസ്റ്റുകള്‍ പറയുന്നത്. 2022ലെ ലോകകപ്പില്‍ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ വീഴ്ത്തി സെമിയില്‍ ഇടം നേടാനാകും മൊറോക്കോയുടെ ലക്ഷ്യം.

 

Content Highlight: Kylian Mbappe need one goal to break Lionel Messi record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.