‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് നായകനായി’ മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ (ചാക്കോച്ചൻ). ആദ്യകാലങ്ങളിൽ പ്രണയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം, പിന്നീട് ഗൗരവമുള്ളതും ആഴമുള്ളതുമായ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞ് മികച്ചൊരു അഭിനേതാവായി സ്വയം അടയാളപ്പെടുത്തി.
റൊമാന്റിക് നായകനെന്ന ഇമേജ് പൂർണമായും പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളാണ് ചാക്കോച്ചൻ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. ഇതിൽ എടുത്തുപറയേണ്ടതാണ് അദ്ദേഹം ചെയ്യുന്ന വ്യത്യസ്തങ്ങളായ പോലീസ് വേഷങ്ങൾ. ഷാഹി കബീറിന്റെ ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ശേഷം ചാക്കോച്ചൻ വീണ്ടും ഒരു പോലീസ് ഓഫീസറായി എത്തുകയാണ്.
ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ എന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നത്.
ഇപ്പോൾ പൊലീസ് വേഷങ്ങൾ തുടർച്ചയായി ചെയ്യുന്നതിനെ കുറിച്ചും ഉന്മാദം എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ചാക്കോച്ചൻ. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
തുടർച്ചയായി പോലീസ് വേഷങ്ങൾ ചെയ്യുന്നതിനാൽ ഇനി ചെറിയൊരു ഇടവേളയ്ക്ക് ശേഷമേ ഇത്തരം കഥാപാത്രങ്ങൾ സ്വീകരിക്കുകയുള്ളൂ എന്ന് തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബൻ. താൻ ചെയ്ത ഓരോ പോലീസ് കഥാപാത്രങ്ങൾക്കിടയിലും കൃത്യമായ ഇടവേളകൾ ഉണ്ടെന്നും, ആ സമയങ്ങളിൽ മറ്റ് വ്യത്യസ്ത സിനിമകൾ ചെയ്യുന്നുണ്ടെന്നും ചാക്കോച്ചൻ ഓർമിപ്പിച്ചു.
ആ പോലീസ് കഥാപാത്രങ്ങൾ പ്രേക്ഷകമനസിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ് അവയ്ക്ക് ഇടയിൽ വലിയ ഇടവേളകൾ ഇല്ലെന്ന് തോന്നുന്നത്. എന്തായാലും ഇനി കുറച്ചുകാലം കഴിഞ്ഞു മാത്രമേ പുതിയൊരു പൊലീസ് വേഷം ചെയ്യുകയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
കൂടുതലായും പോലീസ് കഥകൾ എഴുതുന്ന തിരക്കഥാകൃത്താണ് ഷാഹി കബീർ. ജോജു ജോർജ് നായകനായ ‘ജോസഫ്’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോലീസ് ചിത്രം. തുടർന്ന് ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘റോന്ത്’ തുടങ്ങി ഓരോ സിനിമയിലും വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം പോലീസ് കഥകൾ അവതരിപ്പിച്ചിട്ടുള്ളത്.
തന്റെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് ‘ഉന്മാദം’ അത്രയധികം ഡാർക്ക് ആയൊരു സിനിമ ആയിരിക്കില്ല എന്ന് ഷാഹി കബീർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ കുഞ്ചാക്കോ ബോബന്റെ മറ്റൊരു മികച്ച പ്രകടനത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Content Highlight: Kunchacko Boban to take a break from police roles