ഫൈറ്റ് സീനില്‍ എനിക്ക് വീഴാനുള്ള ബെഡ് കാണാനില്ല, നോക്കുമ്പോള്‍ സംവിധായകന്‍ അതില്‍ കിടന്ന് ഉറങ്ങുന്നു: കുഞ്ചാക്കോ ബോബന്‍
Malayalam Cinema
ഫൈറ്റ് സീനില്‍ എനിക്ക് വീഴാനുള്ള ബെഡ് കാണാനില്ല, നോക്കുമ്പോള്‍ സംവിധായകന്‍ അതില്‍ കിടന്ന് ഉറങ്ങുന്നു: കുഞ്ചാക്കോ ബോബന്‍
അമര്‍നാഥ് എം.
Friday, 31st July 2026, 7:14 am

ചോക്ലേറ്റ് ഹീറോ ഇമേജില്‍ തളച്ചിടപ്പെട്ട് ഒരുപാട് കാലം കരിയര്‍ മുന്നോട്ടു കൊണ്ടുപോയ നടനാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കുഞ്ചാക്കോ ബോബന്‍ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ്. നല്ലവനായ നായകന്‍ എന്ന ക്ലീഷേ മാറ്റിമറിക്കുകയാണ് താരം ഓരോ സിനിമയിലും.

പുതിയ ചിത്രമായ ഉന്മാദത്തിലും ഈ പരീക്ഷണം ആവര്‍ത്തിക്കുകയാണെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. താടിവെച്ച പൊലീസ് കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച ഒന്നാകുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളിലെല്ലാം ചിരിച്ച് തമാശപറഞ്ഞിരിക്കുന്ന താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംവിധാനത്തിലേക്ക് കടക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും വൈറലായി. കുറച്ചുകാലം മുമ്പായിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ സംവിധാനത്തിലേക്ക് കടന്നേനെയെന്നും ഇപ്പോള്‍ ആ ചിന്തയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയിലേക്ക് കൂടുതല്‍ ഇന്‍വോള്‍വ് ആയപ്പോള്‍ അത് എളുപ്പമുള്ള പണിയല്ലെന്ന് മനസിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘നല്ല പ്രയാസമുള്ള പണിയാണത്. ഉന്മാദത്തിന്റെ കാര്യം നോക്കിയാല്‍ ഇതിന്റെ ഡയറക്ടര്‍ നല്ലവണ്ണം പണിയെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പടത്തിന്റെ മ്യൂസിക് ഡയറക്ടര്‍ക്ക് പുള്ളി കുറച്ച് സജഷന്‍ നല്‍കിയിരുന്നു. അതായത്, എല്ലാ ഫീല്‍ഡിലും നമ്മുടെ ഔട്ട്പുട്ട് കൊടുക്കണം. അത് ഒട്ടും എളുപ്പമല്ല. അതുകൊണ്ട് തന്നെ ഈ ഫീല്‍ഡിലേക്ക് ഞാന്‍ ഇറങ്ങില്ലെന്ന് ഉറപ്പാണ്.

പറയണോ വേണ്ടയോ എന്നറിയാത്ത വേറൊരു സംഗതി കൂടെയുണ്ട്. ഈ സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഒരു ഫൈറ്റുണ്ട്. ഔട്ട്‌ഡോര്‍ ഫൈറ്റാണ്. കുറച്ച് മെറ്റലുകള്‍ കൂട്ടിയിട്ട് അതിന്റെ ഇടയില്‍ വെച്ചുള്ള ഒന്നാണ്. അപ്പോള്‍ ഫൈറ്റില്‍ എനിക്ക് നിലത്ത് വീഴണം. താഴെ ബെഡ്ഡൊക്കെ വിരിച്ചിടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഷൂട്ടിന്റെ സമയത്ത് ബെഡ്ഡ് കാണുന്നില്ല. എല്ലാവരും ബെഡ് നോക്കിയിറങ്ങി. അവസാനം നോക്കുമ്പോള്‍ ഡയറക്ടര്‍ അതില്‍ കിടന്ന് ഉറങ്ങുകയായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രമാണ് ഉന്മാദം. എല്ലാവരും തൊടാന്‍ പേടിക്കുന്ന ഒരു ഫയലിന് പിന്നാലെ പോകുന്ന പൊലീസ് ഓഫീസര്‍ നേരിടുന്ന സൂപ്പര്‍നാച്ചുറല്‍ പ്രതിഭാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇന്ന് (ജൂലൈ 31) ഉന്മാദം തിയേറ്ററുകളിലെത്തും.

Content Highlight: Kunchacko Boban shares a funny incident during the shoot of Unmadham movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം