എന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് വലിയ കാര്യം; മോഹന്‍ലാല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പറയാനായില്ല: കൃഷന്ദ്
Malayalam Cinema
എന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് വലിയ കാര്യം; മോഹന്‍ലാല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പറയാനായില്ല: കൃഷന്ദ്
ഐറിന്‍ മരിയ ആന്റണി
Wednesday, 11th March 2026, 11:39 am

മേക്കിങ് കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും മലയാളസിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് കൃഷന്ദ്. വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച കൃഷന്ദ് പിന്നീട് ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ഇരു ചിത്രങ്ങളും കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മസ്തിഷ്‌ക മരണമാണ് കൃഷന്ദിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രം 2046ലെ കൊച്ചി നഗരത്തെയാണ് കാണിക്കുന്നത്. മനഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന വിചിത്ര കാലഘട്ടത്തെ കാണിക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരുടെ അടുത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ രീതികളെ കുറിച്ചും വരാന്‍ പോകുന്ന പുതിയ പ്രൊജക്ടുകളെ കുറിച്ചും സംസാരിക്കുകയാണ് കൃഷന്ദ്. തന്റെ സിനിമകളും പ്രേക്ഷകര്‍ക്ക് വേണം എന്ന ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘കുറെ ആളുകള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നു, നമ്മുടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നതൊക്കെ വലിയ കാര്യമല്ലേ. സാധാരണ എന്റെ സിനിമകളില്‍ ഉണ്ടാകാറുള്ള ഒരു സൈലന്‍സ് മസ്തിഷ്‌ക മരണത്തില്‍ ഇല്ല. ഇതൊരല്‍പ്പം ലൗഡ് ആയ സിനിമയാണ്. കഥ മുഴുവന്‍ പൂര്‍ത്തിയാക്കി സ്റ്റോറി ബോര്‍ഡും വരച്ചു തീര്‍ത്തിട്ടാണ് ചിത്രീകരണം തുടങ്ങുക. ചെറിയ ഡയലോഗുകളും കോമഡിയുമാണ് സെറ്റില്‍ വച്ചു ചേര്‍ക്കുക. ബാക്കി എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യും,’ കൃഷന്ദ് പറയുന്നു.

മസ്തിഷ്‌ക മരണത്തിലെ വി.എഫ്.എക്സ് ടീം ഹെഡ് താനായിരുന്നുവെന്നും അതു പോലെ ഗ്രാഫിക് ഡിസൈനിങ്ങും ആര്‍ട്ടും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഒരു ആനിമേഷന്‍ കമ്പനിയില്‍ വി.എഫ്.എക്സ് ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള പരിചയമാണെന്നും കൃഷന്ദ് കൂട്ടിച്ചേര്‍ത്തു.
ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നിലവില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളൊന്നും തരാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലമായി മോഹന്‍ലാല്‍ പുതിയ സംവിധായകരുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ദിലീഷ് പോത്തന്റെയും കൃഷാന്ദ് ആര്‍. കെയുടെയും പേരുകള്‍ ആ ലിസ്റ്റില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. അടുത്തിടയൊണ് കൃഷന്ദ് തന്നെ മോഹന്‍ലാലുമായി താന്‍ ഒരു പ്രൊജക്ട് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.

Content Highlight: Krishanth talks about his filmmaking methods and upcoming new projects 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.