ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അവന്‍ വേണം, അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കണം; അഭിപ്രായവുമായി ക്രിസ് ശ്രീകാന്ത്
Cricket
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അവന്‍ വേണം, അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കണം; അഭിപ്രായവുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Thursday, 18th June 2026, 8:11 pm

ജൂലൈ ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. വിരാട് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒട്ടനവധി സംഭാവനകള്‍ നല്‍കിയ ഒരാള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അര്‍ഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ വിരാട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കണം. അദ്ദേഹം മികച്ച നിലവാരത്തിലുള്ള താരമാണ്. ഇവിടെ പ്രായമല്ല വിഷയം. അദ്ദേഹത്തിന്റെ ആവേശവും പോരാട്ടവീര്യവും അസാധാരണമാണ്. ടി-20 ക്രിക്കറ്റിലായാലും ഐ.പി.എല്ലിലായാലും അദ്ദേഹം ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആപരമ്പരയില്‍ വിരാട് കളിക്കണമെന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന് ഒരു രാജകീയ യാത്രയയപ്പ് നല്‍കേണ്ടതായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി ഇത്രയധികം സംഭാവനകള്‍ നല്‍കിയ ഒരാള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അര്‍ഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല,’ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലാണ് താരം സ്‌കോര്‍ നേടിയത്. ഫോര്‍മാറ്റില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും വിരാടിന്റെ പേരിലുണ്ട്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായികരുന്നു വിരാട്.

നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് വിരാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023ല്‍ നഷ്ടപ്പെട്ട ഏകദിന ലോകകപ്പാണ് താരത്തിന്റെ ലക്ഷ്യം. നിലവില്‍ അഫ്ഗാനിസ്ഥാനെതിരായ ഏകദിന സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് കാരണം താരം ടീമിനൊപ്പെ ചേര്‍ന്നിട്ടില്ല.

Content Highlight: Kris Srikkanth Talking About Virat Kohli

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ