അജയ് തറയലിനെ കെ.പി.സി.സി മര്യാദയ്ക്ക് നിര്‍ത്തണം; നിയമനടപടിക്കൊരുങ്ങി സണ്ണി എം. കപിക്കാട്
Kerala
അജയ് തറയലിനെ കെ.പി.സി.സി മര്യാദയ്ക്ക് നിര്‍ത്തണം; നിയമനടപടിക്കൊരുങ്ങി സണ്ണി എം. കപിക്കാട്
അനിത സി
Friday, 20th March 2026, 4:02 pm

കോട്ടയം: തനിക്കും കുടുംബത്തിനുമെതിരെ കടുത്ത അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രാഷ്ട്രീയ ചിന്തകന്‍ സണ്ണി എം. കപിക്കാട്. അജയ് തറയിലിനെ കെ.പി.സി.സി നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാകണമെന്ന് കപിക്കാട് ആവശ്യപ്പെട്ടു.

‘അജയ് തറയിലിനെ വ്യക്തിപരമായി അറിയില്ല. എന്തിനാണ് അധിക്ഷേപിച്ചതെന്നും അറിയില്ല. അജയ് തറയിലിന്റെ നിലപാടാണോ കെ.പി.സി.സിക്കെന്ന് മറുപടി പറയണം. അദ്ദേഹത്തെ മര്യാദയ്ക്ക് നിര്‍ത്താന്‍ തയ്യാറാകണം. അജയ് തറയിലിനെതിരെ നിയമനടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയില്ല. സ്വത്തിനും ഭൂമിക്കും വേണ്ടിയല്ല സമരം ചെയ്യുന്നത്. അഭിമാനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അതില്‍ ചവിട്ടിയാല്‍ ഏത് കൊട്ടാരത്തിലെ അജയനാണെങ്കിലും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല’, സണ്ണി എം. കപിക്കാട് പ്രതികരിച്ചു.

അധികാരം ചോദിച്ചാല്‍ നിനക്ക് തരില്ലെന്നുമാത്രമല്ല, നിന്നെ വ്യക്തിപരമായി തീര്‍ത്തുതരുമെന്നാ
ണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലക്ഷ്യം. അത് വകവെച്ചുനല്‍കില്ല. ദളിത് സമുദായ മുന്നണിയുടെ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് സീറ്റ് ലഭിച്ചാല്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നായിരുന്നു നിലപാട്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വാപാധിക പിന്തുണ നല്‍കുമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നിട്ടും അധിക്ഷേപം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനെ വെല്ലുവിളിച്ചവരെയല്ല പിന്തുണയ്ക്കുമെന്ന് പറഞ്ഞവരെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ നടത്തിയ വ്യക്തിഹത്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വൈക്കം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സണ്ണി എം. കപിക്കാടിനെ നിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ വൈക്കത്ത് കെ. ബിനികുമാറിനെയാണ് പരിഗണിച്ചത്.

ഇതോടെ കടുത്ത അതൃപ്തി പരസ്യമാക്കി കപിക്കാട് രംഗത്തെത്തിയിരുന്നു. സംഘപരിവാറിനെ ഭയന്നാണ് തന്നെ അവഗണിച്ചതെന്നും മറുപടി കോണ്‍ഗ്രസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അജയ് തറയില്‍ കപിക്കാടിനെ അധിക്ഷേപിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തോറ്റ സീറ്റിന് വേണ്ടി കപിക്കാട് ആവശ്യം ഉന്നയിക്കുന്നത് തോറ്റാലും ലഭിക്കുന്ന പണം ലക്ഷ്യമിട്ടാണെന്നും പല നേതാക്കളേയും പോലെ കോടീശ്വരനാകാനാണ് കപിക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്നതെന്നും അജയ് തറയില്‍ പറഞ്ഞിരുന്നു.

സണ്ണി കപിക്കാടിന്റെ മാതാപിതാക്കള്‍ സാമ്പത്തിക നേട്ടത്തിനായാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നും എല്‍.ഐ.സില്‍ ജോലി ലഭിക്കാനായി സണ്ണി കപിക്കാട് ക്രിസ്തുമതം വിട്ട് ഹിന്ദുമതത്തിലേക്ക് മാറിയെന്നും അജയ് തറയില്‍ ആക്ഷേപിച്ചിരുന്നു. ഒരുകാലത്ത് നക്‌സല്‍ ബന്ധങ്ങളുണ്ടായിരുന്ന കപിക്കാട് പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ കോടാലി കയ്യായി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് അജയ് തറയില്‍ പിന്‍വലിച്ചിരുന്നു.

Content  Highlight: KPCC should control  Ajay Tharayal; Sunny M. Kapikad prepares for legal action

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.