
മലപ്പുറം: കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ബി.ജെ.പിക്ക് ധൈര്യം പകരുന്നത് ഇടതു നേതാക്കളുടെ പ്രസ്താവനകളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കാനം രാജേന്ദ്രനും തോമസ് ഐസക്കും നടത്തിയ പ്രസ്താവനകളാണ് ബി.ജെ.പിക്ക് ധൈര്യം പകരുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ശ്രമം. നേരത്തെ ആര്‍.എസ്.എസ് പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.
സി.പി.എമ്മിനെതിരായ സി.ബി.ഐ അന്വേഷണങ്ങള്‍ ഒതുക്കാന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ സമുദായം ഭൂരിപക്ഷമായിമാറുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മജീദിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാവുന്നെന്ന് ബി.ജെ.പി വിലയിരുത്തല്‍. തല്‍സ്ഥിതി തുടര്‍ന്നാല്‍ കേരളം വൈകാതെ ന്യൂനപക്ഷ സംസ്ഥാനമാവുമെന്നും ന്യൂനപക്ഷങ്ങളുടെ ഈ വളര്‍ച്ച ആശങ്കാജനകമാണെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.
