court-01
കോഴിക്കോട്:കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.

ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ബിനുരാജ് പറയുന്നു. സ്റ്റേഷനില്‍ വെച്ച് ചാനലിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി വളപ്പിലേക്കു കടക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഷര്‍ട്ടിന്റെ കോളറയ്ക്കു പിടിച്ച് ബലം പ്രയോഗിച്ചാണ് പോലീസ് ഞങ്ങളെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസിന്റെ നീക്കം.” ബിനു രാജ് പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ കോടതിയിലേക്കു പ്രവേശിപ്പിക്കരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞതെന്നും ബിനുരാജ് പറഞ്ഞു.


Related: കോഴിക്കോട് കോടതിയിലെ അറസ്റ്റ്: പോലീസിന് വീഴ്ചപറ്റിയെന്ന് ടൗണ്‍ സി.ഐ


ചില ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

അഭിഭാഷകരുടെ ഭാഗത്തുനിന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ സാജു പറയുന്നു. കോടതിയിലെത്തിയ തങ്ങളോട് നല്ല രീതിയിലാണ് അഭിഭാഷകര്‍ പെരുമാറിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അറസ്റ്റിലേക്കു കടക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ആരുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയതെന്നതുസംബന്ധിച്ച് വ്യത്യസ്തമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്നതുകൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മാധ്യമപ്രവര്‍ത്തകരെ നീക്കിയതെന്നു വിശദീകരിച്ചു.

എന്നാല്‍ രൂപേഷിനെ തിരിച്ചുകൊണ്ടുപോയതാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കോടതിക്കകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള നിര്‍ദേശമുണ്ടെന്നാണ് പോലീസ് പറഞ്ഞത്.