തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയായിരുന്നു എന്നും ആ നിലപാടെ എടുക്കാന്‍ കഴിയുകയുള്ളൂ എന്നും കോടിയേരി പറഞ്ഞു.

‘കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തു. പിന്നീട് സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാടുമാറ്റി. സര്‍ക്കാരിന്റെ നിലപാടിനെതിരെ വീടുകള്‍ തോറും ബി.ജെ.പിയും യു.ഡി.എഫും പ്രചരണം നടത്തി. ഇവരുടെ പ്രചാരവേലയില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇത് തുറന്നുകാട്ടാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെ’ന്നും കോടിയേരി പറഞ്ഞു.

ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം ബൂത്തുതലം മുതല്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. ‘പരാജയത്തിന് ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. മോദി വിരുദ്ധ പ്രചാരണത്തിന്റെ നേട്ടം കൊയ്തത് യു.ഡി.എഫാണ്. ഇടതുപക്ഷത്തിനോട് ശത്രുത ഇല്ലാത്തവരും യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു. മാധ്യമസര്‍വേകളും യു.ഡി.എഫിന് അനുകൂലമായെ’ന്ന് കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസ്, യു.ഡി.എഫിന് വോട്ടുമറിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയായിരുന്നു ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെന്നും കോടിയേരി ആരോപിച്ചു.

മുസ്‌ലീം ലീഗ് മറ്റു മുസ്‌ലീം സംഘടനകളെ ഏകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍.എസ്.എസ് ഹിന്ദു ധ്രൂവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്‌ലീം ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. തീവ്രവാദ നിലപാടുള്ളവരെയും ലീഗ് കൂടെ കൂട്ടിയെന്നും കോടിയേരി ആരോപിച്ചു.

അഞ്ചുവര്‍ഷത്തെ ബി.ജെ.പി സര്‍ക്കാരിന്റെ ഉയര്‍ന്ന രൂപമാണ് ഇനി കാണാന്‍ പോകുന്നത്. അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിക്കും. ശക്തമായ ഉദാരവല്‍ക്കരണ നയങ്ങളിലേക്ക് സര്‍ക്കാര്‍ പോകുമെന്നും കോടിയേരി പറഞ്ഞു.