കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കൊച്ചി മെട്രോ. കൊച്ചിയില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മെട്രോ അധിക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നാളെ മുംബൈ സിറ്റിക്കെതിരെ സ്വന്തം മണ്ണില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുകയാണ് കൊച്ചി മെട്രോ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാധാരണ ദിവസങ്ങളില്‍ അവസാന മെട്രോ സ്റ്റേഡിയത്തില്‍ എത്തുന്നത് 10.23നാണ്. ഇനി മത്സരദിനങ്ങളില്‍ 10.45നായിരിക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍നിന്ന് അവസാന മെട്രോ ട്രെയിന്‍ ആലുവയിലേക്കും തൈക്കൂടത്തേക്കും പുറപ്പെടുക. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ നിരവധിപേര്‍ എത്തുമെന്നതുകൊണ്ടാണ് പുതിയ മാറ്റം. ഇതോടെ തിരക്ക് നിയന്ത്രിക്കാന്‍ മെട്രോ സര്‍വീസുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മത്സരത്തില്‍ നിരവധി ആരാധകരാണ് കനത്ത മഴയിലും ബ്ലോക്കിലും പെട്ട് വലഞ്ഞത്. അധിക മെട്രോ സര്‍വീസ് നടപ്പിലാക്കുന്നതോടെ ആരാധകര്‍ക്ക് മെട്രോയുടെ സേവനം ഉപയോഗപ്പെടുത്താനാവും.

ഇതോടെ സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വണ്ടി എവിടെ പാര്‍ക്ക് ചെയ്യുമെന്നാലോചിച്ചും സമയം കളയണ്ട. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് തൈക്കൂടം, വൈറ്റില, എളംകുളം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഭാഗത്ത് വണ്ടികള്‍ പാര്‍ക്കുചെയ്യാം. വൈറ്റില ഹബ്ബില്‍ വന്നിറങ്ങുന്നവര്‍ക്കും മെട്രോ ഉപയോഗിക്കാവുന്നതാണ്. ആലുവ ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് സമാന രീതിയില്‍ തിരക്കൊഴിഞ്ഞ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം മെട്രോയുടെ സേവനം ഉപയോഗപ്പെടുത്താനാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ