[]ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും ആറാക്കി കുറക്കണമെന്ന് ഡോ. കിരീത് പരീഖ് സമിതി. സബ്‌സിഡി നിരക്കില്‍ ഒരു കൊല്ലം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം കുറക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡീസല്‍ ലിറ്ററിന് അടിയന്തരമായി അഞ്ച് രൂപ കൂട്ടണം. മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കണം. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഡീസല്‍ വില നിയന്ത്രണം എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
പെട്രോളിയം മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശകളുള്ളത്. പാചകവാതക കുറ്റികളുടെ വില 250 രൂപ കൂട്ടണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ാചകവാതകത്തിന്റെ സബ്‌സിഡി രണ്ടു കൊല്ലത്തിനുള്ളില്‍ ഇല്ലാതാക്കാനാണ് ശുപാര്‍ശ.
മണ്ണെണ്ണ കമ്പോളവിലയ്ക്ക് മാത്രം വില്‍ക്കണം. സബ്‌സിഡി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമാക്കണം. നേരിട്ട് പണം പദ്ധതി പ്രകാരം ഇത് നടപ്പിലാക്കണം. രണ്ട് കൊല്ലത്തിനുള്ളില്‍ ഈ പദ്ധതി രാജ്യത്തെല്ലായിടത്തും നടപ്പാക്കണം.
എണ്ണക്കമ്പനികള്‍ക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.
സബ്‌സിഡി ബാധ്യത കുറക്കുന്നതിനായി ഡീസലിന്റെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കുന്നതിനുള്ള സംവിധാനം പരിഷ്‌കരിക്കുന്നതിനായി ശുപാര്‍ശ നല്‍കാനാണ് സമിതിയെ പെട്രോളിയം മന്ത്രാലയം നിയമിച്ചത്.
ആസൂത്രണക്കമ്മീഷന്‍ മുന്‍ അംഗം ഡോ. കിരിത് പരീഖ്, പെട്രോളിയം മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി പി.കെ. സിങ്, ധനമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഡോ. സുഭാഷ് ഗാര്‍ഗ്, അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പ്രൊഫ. എസ്.കെ. ബറുവ, പെട്രോളിയം മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ആര്‍.കെ. സിങ് എന്നിവരാണ് സമിതിയിംഗങ്ങള്‍.
