യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയിലെ നാദിയ എന്ന കഥാപാത്രം തന്നെ ആകർഷിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് നടി കിയാര അദ്വാനി. സംവിധായിക ഗീതു മോഹൻദാസ് കഥാപാത്രത്തെക്കുറിച്ച് വിശദമായി വിവരിച്ചപ്പോഴാണ് നാദിയയെ അവതരിപ്പിക്കാനുള്ള താൽപര്യം തോന്നിയതെന്ന് കിയാര പറഞ്ഞു. വ്യത്യസ്ത തലങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്ക് എപ്പോഴും താത്പര്യമാണെന്നും താരം വ്യക്തമാക്കി. ഫെമിനക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ശക്തിയും ബുദ്ധിമുട്ടുകളും ഒരുപോലെ ഉള്ള കഥാപാത്രമാണ് നാദിയ. സിനിമയിലുടനീളം നിരവധി വൈകാരിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നാദിയയിൽ ഒരു അഭിനേത്രി ആഗ്രഹിക്കുന്ന തരത്തിലുള്ള അഭിനയസാധ്യതകൾ ഉണ്ടായിരുന്നുവെന്നും കിയാര പറഞ്ഞു.
‘കഥാപാത്രത്തിന്റെ നരേഷൻ കേട്ടപ്പോൾ അത് എത്ര നന്നായി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മനസിലായി. ഒരു നടി ആഗ്രഹിക്കുന്ന എല്ലാ അഭിനയസാധ്യതകളും നാദിയയിലുണ്ടായിരുന്നു. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഘട്ടത്തിലേക്ക് ഞാൻ എത്തിയോ എന്ന് പോലും തോന്നി പോയി,’ കിയാര പറഞ്ഞു.
‘ടോക്സി’ലെ മറ്റു താരങ്ങളായ നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർക്കൊപ്പമുള്ള അനുഭവങ്ങളും കിയാര പങ്കുവെച്ചു. ഓരോ അഭിനേത്രിയും അവരുടേതായ ഊർജവും വ്യക്തിത്വവും സിനിമയിലേക്ക് കൊണ്ടുവന്നെന്നും പരസ്പരം വലിയ ബഹുമാനത്തോടെയാണ് എല്ലാവരും പ്രവർത്തിച്ചതെന്നും താരം പറഞ്ഞു.
ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ വൈകാരിക ലോകം മനസ്സിലാക്കുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും കിയാര വ്യക്തമാക്കി. കഥാപാത്രത്തിന്റെ ബന്ധങ്ങൾ, ഭയങ്ങൾ, ആഗ്രഹങ്ങൾ എന്നിവ മനസിലാക്കിയ ശേഷമാണ് ശരീരഭാഷ, ശബ്ദം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും താരം പറഞ്ഞു.
‘ഗിൽറ്റി’ക്ക് ശേഷം ആക്ടിങ് കോച്ച് അതുൽ മോംഗിയയ്ക്കൊപ്പമുള്ള കിയാരയുടെ രണ്ടാമത്തെ സഹകരണം കൂടിയാണ് ‘ടോക്സിക്’. ഗീതു മോഹൻദാസും അതുൽ മോംഗിയയും നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിനാൽ നാദിയയുടെ കഥാപാത്രത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും രൂപപ്പെടുത്താനും അത് സഹായിച്ചെന്നും കിയാര പറഞ്ഞു.
‘ഈ കഥാപാത്രത്തിന്റെ അടിത്തറ ഒരുക്കിയ പ്രക്രിയയാണ് എനിക്ക് ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്ന്. ഇന്ന് അത് സ്ക്രീനിൽ കാണുമ്പോൾ, ഞങ്ങൾ അതിനായി നടത്തിയ മുഴുവൻ പ്രക്രിയയും ഏറെ വിലപ്പെട്ടതായി തോന്നുന്നു,’ കിയാര കൂട്ടിച്ചേർത്തു.
യാഷിനെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്. യാഷ്, കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും.
Content Highlight: Kiara Advani shares details about her character in Toxic and her experience of working on the film