തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്
ഇതിന് പുറമെ കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം അതിശക്തമായി തുടരുകയാണ്. മുംബൈ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കുകയും ചെയ്തിട്ടുണ്ട്.