തിരുവനന്തപുരം: കേരളത്തില്‍ വരുന്ന നാല് ദിവസങ്ങളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി വടക്കന്‍, മധ്യ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് (25/7/2026) കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസം എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
സംസ്ഥാനം നിലവില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍, നിലവിലുള്ള മഴ പ്രധാനമായും വടക്കന്‍ ജില്ലകളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായതിനാലും ഒറ്റപ്പെട്ട മഴ മാത്രമായതിനാലും പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് ഗണ്യമായി ഉയരാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഈ ദിവസങ്ങളിലെത്തുന്ന മഴ താത്കാലിക ആശ്വാസം നല്‍കുമെങ്കിലും വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ രീതിയില്‍ ഡാമുകളില്‍ വെള്ളമെത്തിക്കാന്‍ പ്രാപ്തമാകില്ലെന്നാണ് വിലയിരുത്തല്‍.