മലപ്പുറം: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറ, പുത്തുമല, കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനടയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെയാണ് ഇവിടെ നിന്ന് കാണാതായത്. മറ്റുള്ളവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചു. ഒമ്പതു പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഏഴു വയസ്സുകാരിയുടെ മൃതദേഹമടക്കം രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കവളപ്പാറയില്‍ കണ്ടെടുത്തത്. ഇവിടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.

വയനാട് പുത്തുമലയില്‍ രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരണം പത്തായി.

സംസ്ഥാനത്ത് കനത്ത മഴയിലും പേമാരിയിലുമായി മരിച്ചവരുടെ എണ്ണം 70 ആയിരിക്കുകയാണ്.