സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു, ഉയ്യോ ഓര്‍മിപ്പിക്കല്ലേ; ചിരി പടര്‍ത്തി ഏട്ടനും ചേട്ടനും, കെ.സി.എല്‍ പുതിയ സീസണ്‍ ആഡ് വൈറല്‍
Malayalam Cinema
സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു, ഉയ്യോ ഓര്‍മിപ്പിക്കല്ലേ; ചിരി പടര്‍ത്തി ഏട്ടനും ചേട്ടനും, കെ.സി.എല്‍ പുതിയ സീസണ്‍ ആഡ് വൈറല്‍
അമര്‍നാഥ് എം.
Tuesday, 18th August 2026, 11:53 am

സിനിമ, ക്രിക്കറ്റ് എന്നീ മേഖലകളില്‍ കേരളത്തിന്റെ ഐക്കണുകളെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്നവരാണ് മോഹന്‍ലാലും സഞ്ജു സാംസണും. അഭിനയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ മോഹന്‍ലാലും വേള്‍ഡ് കപ്പ് ഇന്ത്യക്ക് നേടിത്തന്ന സഞ്ജുവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്.

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് വേണ്ടിയാണ് ‘ഏട്ടനും ചേട്ടനും’ ഒന്നിച്ചത്. സീസണ് മുന്നോടിയായിട്ടുള്ള പുതിയ പരസ്യത്തില്‍ ഇരുവരും കട്ടക്ക് കട്ടയായി സ്‌കോര്‍ ചെയ്യുന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കി. ഷൂട്ട് കഴിഞ്ഞ് സെറ്റില്‍ നിന്ന് ഇറങ്ങുന്ന മോഹന്‍ലാലില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഫോണില്‍ സംസാരിക്കാനായി സൈഡാക്കിയ സഞ്ജുവിന്റെ കാറിലേക്ക് മോഹന്‍ലാല്‍ കയറുകയാണ്.

പിന്നീട് ഇരുവരും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് പരസ്യം പുരോഗമിക്കുന്നത്. വണ്ടിയോടിക്കുന്നത് സഞ്ജുവാണെന്നറിയാതെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വിടാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്. സഞ്ജു അത് അതേപടി പാലിക്കുന്നുമുണ്ട്. ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ’ എന്ന് സഞ്ജു ചോദിക്കുമ്പോള്‍ കിടിലന്‍ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കുന്നത്.

‘സി.സി.എല്ലില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ ആരായിരുന്നു’ എന്ന് പറഞ്ഞ ശേഷം ആത്മഗതമായി ‘ഉയ്യോ ഓര്‍മിപ്പിക്കല്ലേ’ എന്ന ഡയലോഗ് എല്ലാവരിലും ചിരിയുണര്‍ത്തുന്നുണ്ട്. സഞ്ജുവിനെ അറിയാമോ എന്ന ചോദ്യത്തോട് ‘അറിയാതെ പിന്നെ, ഞാന്‍ പറഞ്ഞിട്ടാണ് അയാള്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്’ എന്നാണ് ലാലേട്ടന്റെ മറുപടി.

ഏറ്റവുമൊടുവില്‍ സഞ്ജുവാണ് വണ്ടിയോടിക്കുന്നതെന്നറിഞ്ഞ് മോഹന്‍ലാല്‍ ചെറുതായി അമ്പരക്കുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്. ഇരുവരും തമ്മിലുള്ള കോമ്പോയുടെ ഫ്രഷ്‌നസ്സാണ് പരസ്യത്തിന്റെ ഹൈലൈറ്റ്. ഓഗസ്റ്റ് 20 മുതലാണ് കെ.സി.എല്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിനോടുള്ള സഞ്ജുവിന്റെ ആരാധന ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

അടുത്തിടെ സഞ്ജയ് മഞ്ജരേക്കര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഏത് പൊസിഷനിലെ ബാറ്റിങ്ങാണ് കംഫര്‍ട്ട് എന്ന ചോദ്യത്തോട് ‘മോഹന്‍ലാലിനെപ്പോലെ ഏത് റോളും ചെയ്യാന്‍ ഇഷ്ടമാണ്’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിന് ശേഷം സഞ്ജു ടി20 ലോകകപ്പിന്റെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായപ്പോഴെല്ലാം ഈ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു.

Content Highlight: Kerala Cricket League new ad Featuring Mohanlal and Sanju Samson viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം