വീതംവെപ്പിൽ അടിയവസാനിക്കാതെ യു.ഡി.എഫ്; ചീഫ് വിപ്പ് പോരാ, രണ്ടാം മന്ത്രി തന്നെ വേണം, അയയാതെ ജോസഫ് വിഭാ​ഗം
Kerala News
വീതംവെപ്പിൽ അടിയവസാനിക്കാതെ യു.ഡി.എഫ്; ചീഫ് വിപ്പ് പോരാ, രണ്ടാം മന്ത്രി തന്നെ വേണം, അയയാതെ ജോസഫ് വിഭാ​ഗം
ആദര്‍ശ് എം.കെ.
Sunday, 17th May 2026, 9:48 am

കോട്ടയം: യു.ഡി.എഫ് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പാർട്ടി നേതാവും മുൻ മന്ത്രിയുമായ മോൻസ് ജോസഫ്. ഏഴ് എം.എൽ.എമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുക എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

“രണ്ട് മന്ത്രിസ്ഥാനം എന്ന ന്യായമായ ആവശ്യമാണ് പാർട്ടി ഉന്നയിച്ചിട്ടുള്ളത്. ഏഴ് എം.എൽ.എമാർ വിജയിച്ചുവന്നു. ഒമ്പത് എം.എൽ.എമാർ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു.

ഞങ്ങൾക്ക് ചീഫ് വിപ്പോ അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കറോ അങ്ങനെയുള്ള സ്ഥാനങ്ങളിലേക്ക് പോകുന്നതിനോട് ഇപ്പോൾ താത്പര്യമില്ല. രണ്ട് മന്ത്രിസ്ഥാനം തന്നെ പാർട്ടിക്ക് അർഹതപ്പെട്ടതാണ്,” മോൻസ് ജോസഫ് പറഞ്ഞു.

“മലയോര കർഷകരുടെ ഹൃദയവികാരങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞ ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്. കർഷക ജനതയുടെയും കേരള ജനതയുടെയും കേരളത്തിന്റെ സമഗ്ര വികസനം എല്ലാം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുന്ന ഒരു സംസ്ഥാന പാർട്ടി എന്ന നിലയിൽ കേരള കോൺഗ്രസ് പാർട്ടിക്ക് ചരിത്രദൗത്യമാണ് നിർവഹിക്കാനുള്ളത്.

പത്ത് സീറ്റാണ് പാർട്ടിക്ക് അടിസ്ഥാനപരമായി ഉണ്ടായിരുന്നത്. കോൺഗ്രസുമായിട്ടുള്ള ചർച്ചയിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ച ചെയ്ത് രണ്ട് സീറ്റിൽ പിന്നെ കൂടി മത്സരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യത്തേക്ക് ഞങ്ങൾ അതിനകത്തൊരു ഉപേക്ഷ വരുത്തിയത് ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വകുപ്പുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. മുൻപ് ജലവിഭവം, ധനകാര്യം, പൊതുമരാമത്ത്, നിയമം, ഹൗസിങ്, രജിസ്ട്രേഷൻ തുടങ്ങിയ പ്രധാന വകുപ്പുകൾ കേരള കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു.

മെച്ചപ്പെട്ട വകുപ്പ്, പ്രാധാന്യമുള്ള വകുപ്പുകൾ കേരള കോൺഗ്രസ് പാർട്ടിക്ക് അർഹതപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വകുപ്പുകൾ സംബന്ധിച്ച കാര്യത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ സാന്നിധ്യത്തിൽ ഒരു കൂടിയാലോചന കൂടി നടത്തിയ ശേഷം ഉച്ചയ്ക്ക് മുമ്പ് കോൺഗ്രസ് നേതൃത്വവുമായി അന്തിമ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Content Highlight: Kerala Congress Joseph faction insists on demand for second ministerial post

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.