2026-27 ഇന്ത്യൻ സൂപ്പർ ലീഗിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 10നാണ് ഐ.എസ്.എൽ ആരംഭിക്കുന്നത്. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയുള്ള ആദ്യഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്ത് വിട്ടിട്ടുള്ളത്. സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയും സ്പോർട്ടിങ് ക്ലബ്ബ് ദൽഹിയുമാണ് ഏറ്റുമുട്ടുക.

ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം സ്വന്തമാക്കാനുള്ള പടയൊരുക്കത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും. പുതിയ സീസണിന്റെ കിക്കോഫിന് മുന്നണിയായി ഒരു വമ്പൻ സൈനിങ് നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലക്കാൻ കരുത്തുറ്റ താരത്തെ തന്നെയാണ് ടീം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. അമരീന്ദർ സിങ്ങുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല വമ്പന്‍ ക്ലബ്ബുകളുടെയും ഗോള്‍വല കാത്ത അനുഭവസമ്പത്തള്ള താരമാണ് അമരീന്ദര്‍ സിങ്. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്.സി, ഒഡീഷ എഫ്.സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, പൂനെ എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തുപകരുമെന്നുറപ്പാണ്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.

പുതിയ ഉടമസ്ഥരുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബർ 25നാണ് നടക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ.

ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

 

Content Highlight: Kerala Blasters sign Indian goalkeeper Amarinder Singh