ലോക്ക്ഡൗണിന്റെ സമയത്ത് കണ്ട ആ സിനിമയില്‍ സുരാജ് സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് കരഞ്ഞുപോയി: കെന്‍ കരുണാസ്
Indian Cinema
ലോക്ക്ഡൗണിന്റെ സമയത്ത് കണ്ട ആ സിനിമയില്‍ സുരാജ് സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് കരഞ്ഞുപോയി: കെന്‍ കരുണാസ്
അമര്‍നാഥ് എം.
Monday, 30th March 2026, 11:25 pm

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കെന്‍ കരുണാസ്. ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങിയ കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം യൂത്ത് കോളിവുഡിലെ അടുത്ത ഹിറ്റായി മാറിക്കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ നേടി ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

സംവിധായക കുപ്പായമണിഞ്ഞ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയ കെന്‍ സിനിമാലോകത്ത് ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ നായകവേഷം കൈകാര്യം ചെയ്തതും കെന്‍ തന്നെയാണെന്നും ശ്രദ്ധേയമാണ്. മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂടും യൂത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇത്രയും വലിയൊരു സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്യാന്‍ സുരാജിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കെന്‍ കരുണാസ്. സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ സുരാജ് വെഞ്ഞാറമൂടിന്റെയും പശുപതിയുടെയും മുഖമായിരുന്നു മനസിലെന്ന് കെന്‍ പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു കെന്‍ കരുണാസ്.

‘ലോക്ക്ഡൗണിന്റെ സമയത്താണ് ഞാന്‍ മലയാളസിനിമകള്‍ കൂടുതലായും കണ്ടുതുടങ്ങിയത്. നല്ല സിനിമകളെന്ന് മറ്റുള്ളവര്‍ പറയുന്ന പടങ്ങളെല്ലാം തേടിപ്പിടിച്ച് കാണുമായിരുന്നു. അങ്ങനെ കാണുന്ന കൂട്ടത്തില്‍ സുരാജ് സാറിന്റെ ഒരു സിനിമ കണ്ടു. അതില്‍ അദ്ദേഹം സംസാരിക്കാന്‍ കഴിയാത്ത കഥാപാത്രമാണ്. സൗബിന്‍ സാറും ആ സിനിമയിലുണ്ട്.

ക്ലൈമാക്‌സില്‍ സൗബിന്‍ സാറിന്റെ കഥാപാത്രം മാപ്പ് പറയുമ്പോള്‍ അതിന് ഇദ്ദേഹം കൊടുത്ത മറുപടിയും ആ സീനിലെ പെര്‍ഫോമന്‍സും എനിക്ക് ഒരുപാട് ഇഷ്ടമായി. കണ്ണാടി നോക്കി അതുപോലെ ചെയ്യാനൊക്കെ ഞാന്‍ ശ്രമിക്കുമായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് മാത്രമാണെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. പിന്നീടാണ് അദ്ദേഹം കോമഡിയൊക്കെ ചെയ്യുമെന്ന് അറിഞ്ഞത്,’ കെന്‍ കരുണാസ് പറഞ്ഞു.

ഈ സിനിമയ്ക്ക് സുരാജ് വെഞ്ഞാറമൂട് ഓക്കെ പറയുമോ എന്ന് തനിക്ക് സംശയമായിരുന്നെന്നും കെന്‍ പറയുന്നു. സ്‌കൂള്‍ പയ്യന്റെ അച്ഛനായി വേഷമിടാന്‍ ഇപ്പോള്‍ പലര്‍ക്കും താത്പര്യമില്ലെന്നും എന്നാല്‍ സുരാജ് അത്തരത്തിലുള്ള ആളല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെ വിശ്വസിച്ച് ഈ സിനിമക്ക് ഓക്കെ പറഞ്ഞതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും കെന്‍ പറഞ്ഞു.

Content Highlight: Ken Karunas praising Suraj Venjaramoodu’s performance in Vikruthi Movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം