തമിഴകം ഇന്നേവരെ കാണാത്ത വമ്പന്‍ തിരിച്ചുവരവാണ് സൂര്യ നടത്തിയിരിക്കുന്നത്. തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷത്തെ വലിയ കരിയറിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു താരം നേരിട്ടത്. അതിന്റെയെല്ലാം പലിശസഹിതം തീര്‍ത്തുകൊണ്ട് കറുപ്പ് കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. തമിഴില്‍ ഈ വര്‍ഷത്തെ ആദ്യ 100, 200 കോടി ചിത്രം കൂടിയാണ് കറുപ്പ്.

ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങുമെന്ന് പറഞ്ഞ ചിത്രം നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ പറഞ്ഞ ദിവസമായ മെയ് 14നും ചിത്രം റിലീസ് ചെയ്യാനായില്ല. നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം അവസാനനിമിഷം ഷോ എല്ലാം ക്യാന്‍സലാവുകയായിരുന്നു.

എന്നാല്‍ ഇത്രയും പ്രതിസന്ധികള്‍ തരണം ചെയ്ത് എത്തിയ കറുപ്പ് അപ്രതീക്ഷിത വിജയമായി മാറി. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 14 ദിവസം കൊണ്ട് 250 കോടിയിലേറെയാണ് കറുപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തമിഴിലെ ടോപ് താരങ്ങളായ വിജയ്, അജിത് എന്നിവരുടെ ചില റെക്കോഡും സൂര്യ മറികടന്നു.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ അജിത്തിന്റെ ഹൈയസ്റ്റ് കളക്ഷനായ 258 കോടി കറുപ്പ് ഇതിനോടകം മറികടന്നു. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ കൂടിയായിരുന്നു ഗുഡ് ബാഡ് അഗ്ലിയിലേത്. ചെന്നൈയില്‍ ഒരു സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷനും കറുപ്പ് തന്റെ പേരിലാക്കി. 34.2 കോടിയാണ് ചിത്രം ചെന്നൈ സിറ്റിയില്‍ നിന്ന് സ്വന്തമാക്കിയത്. വിജയ്‌യുടെ കരിയര്‍ ഹൈയസ്റ്റ് ഗ്രോസറായ ലിയോയെ മറികടന്നാണ് കറുപ്പിന്റെ ഈ നേട്ടം. 30 കോടിയായിരുന്നു ലിയോയുടെ ചെന്നൈ കളക്ഷന്‍.

അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷയില്ലാതിരുന്ന സിനിമയിലൂടെയാണ് സൂര്യയുടെ ഈ റെക്കോഡ് നേട്ടം. ഒരൊറ്റ സിനിമയിലൂടെ നഷ്ടപ്പെട്ടുപോയ തന്റെ സ്റ്റാര്‍ഡം സ്വന്തമാക്കാന്‍ സൂര്യക്ക് സാധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, ആന്ധ്ര/ തെലങ്കാനയിലും വമ്പന്‍ കളക്ഷനാണ് കറുപ്പിന്റെ തെലുങ്ക് വേര്‍ഷനായ വീരഭദ്രുടു സ്വന്തമാക്കിയത്. 11 ദിവസം കൊണ്ട് 30 കോടിയോളമാണ് ചിത്രത്തിന്റെ കളക്ഷന്‍.

അടുത്തൊന്നും വലിയ റിലീസില്ലാത്തതിനാല്‍ കറുപ്പിന്റെ കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വീക്കെന്‍ഡോടെ 300 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കറുപ്പ് കാലെടുത്ത് വെക്കുമെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍ക്കും കറുപ്പിന്റെ വിജയം ആവര്‍ത്തിക്കാനായാല്‍ ‘ദി വണ്‍’ തമിഴകം ഭരിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Karuppu crossed lifetime collection of Good Bad Ugly

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ