ലക്നൗ: സഞ്ജയ് ലീല ബന്‍സാലി ചിത്രം ബന്‍സാലി റിലീസ് ചെയ്യുന്ന ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിനു പിന്നാലെ സിനിമയ്‌ക്കെതിരായ നിലപാട് ശക്തമാക്കി കര്‍ണിസേന. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു.

“ക്രമസമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ജോലിയാണ്. എങ്ങനെയും ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.” ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുപ്രീം കോടതി വിധിയെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ, ഈ സിനിമ നിരോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യം ആവശ്യപ്പെട്ട് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് ഉള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ കാര്യം ചെയ്യാന്‍ പറ്റില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. സിനിമയ്‌ക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് അദ്ദേഹം അറിയിച്ചിട്ടുണ്ട്” കല്‍വി പറഞ്ഞു. സിനിമയുടെ മുതല്‍മുടക്കിനെ കുറിച്ചാണ് നിര്‍മാതാവിന് ആശങ്കയെങ്കില്‍ ചിത്രത്തിന് ചിലവായ തുക നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രഖ്യാപനം മുതല്‍ നിരന്തരം അക്രമങ്ങള്‍ നേരിട്ട ചിത്രമാണ് ബന്‍സാലിയുടെ പദ്മാവത്. നേരത്തെ പദ്മാവതി എന്ന പേരില്‍ റിലീസിനൊരുങ്ങിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു പദ്മാവത് എന്നു മാറ്റിയത്. ചിത്രം റിലീസ് ചെയ്യുന്ന ജനുവരി 25 നു ഭാരത് ബന്ദിനും രജുുത്ര കര്‍ണി സേന ആഹ്വാനം ചെയ്തിട്ടുണ്ട്.

നേരത്തെ “പദ്മാവത്” സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്ന് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം പറഞ്ഞിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താക്കൂറിന്റെ പരസ്യ ഭീഷണി.