ഭീമനായിക്കും റെഢിയും ചേര്‍ന്ന് 100 കോടി വെളുപ്പിച്ചുവെന്ന് ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നായിക്കിന്റെ മുന്‍ ഡ്രൈവര്‍ കെ.സി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു


ബെല്ലാരി:  മുന്‍ ബി.ജെ.പി മന്ത്രിയും ഖനിമുതലാളിയുമായ ജനാര്‍ദ്ദന റെഢിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്.

ഭീമനായിക്കും റെഢിയും ചേര്‍ന്ന് 100 കോടി വെളുപ്പിച്ചുവെന്ന് ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നായിക്കിന്റെ മുന്‍ ഡ്രൈവര്‍ കെ.സി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.

പണം വെളുപ്പിക്കാന്‍ സഹായിച്ച ഭീമാ നായിക്കിന് 20 ശതമാനം കമ്മീഷന്‍ നല്‍കിയെന്നും ഗൗഡയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. രഹസ്യങ്ങള്‍ അറിയുമെന്നതിനാല്‍ ഇരുവരും തന്നെ പീഡിപ്പിച്ചിരുന്നുവെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും ഗൗഡ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

bheema-naik

 

പുതിയ ഡ്രൈവറായ മുഹമ്മദിനൊപ്പം ഇന്നു രാവിലെ ഗുല്‍ബര്‍ഗയില്‍ വെച്ചാണ് നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബി.എസ് യെദിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന റെഢിയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സര്‍ക്കാരില്‍ നിന്നും പുറത്താക്കിയിരുന്നു. 500 കോടിരൂപ പൊടിച്ച് മകളുടെ വിവാഹം നടത്തിയതിലൂടെയാണ് റെഢി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കാനാണ് ആര്‍ഭാടം കല്ല്യാണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ബെല്ലാരിയിലെ റെഢിയുടെ വസതിയിലും ഓഫീസുകളിലും ഇന്‍കംടാക്‌സ് റെയിഡ് നടത്തിയിരുന്നു.