ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് പി. ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍. ചിദംബരത്തിനെതിരെ ഒരു ബാങ്ക് അക്കൗണ്ട് രേഖയെങ്കിലും ഹാജരാക്കൂവെന്നാണ് കപില്‍ സിബലിന്റെ വെല്ലുവിളി.

ചിദംബരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും രേഖകള്‍ ലഭ്യമാണെങ്കില്‍ എന്തുകൊണ്ടാണത് ഹാജരാക്കാത്തത്. എന്തുകൊണ്ടാണ് സീല്‍ ചെയ്ത കവറില്‍ അവര്‍ രേഖകള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹാജാരാക്കിയതെന്നും കപില്‍ സിബല്‍ ചോദിച്ചു.

ട്വിറ്റര്‍ അക്കൗണ്ടുണ്ടോയെന്നൊക്കെയാണ് സി.ബി.ഐ ചിദംബരത്തോട് ചോദിക്കുന്നത്. എന്തുതരം ചോദ്യം ചെയ്യലാണിത്. 26 മണിക്കൂറിലെ പരിശോധനയ്ക്കുശേഷവും അദ്ദേഹത്തില്‍ നിന്ന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍ നിന്നും തിങ്കളാഴ്ചവരെ ചിദംബരത്തിന് കോടതി സംരക്ഷണം നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചിദംബരത്തെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റിനെതിരെ ചിദംബരം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. അറസ്റ്റ് നടന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് സാധ്യതയില്ലെന്നു പറഞ്ഞായിരുന്നു കോടതി നടപടി.

ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.