മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി. എന്നാല്‍ ഇരുവരുടേയും മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ സാധിച്ചിരുന്നു.

2017ല്‍ അഖില്‍ അക്കിനേനിയുടെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തമിഴ് സിനിമയുടെയും ഭാഗമായ നടി 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വരുന്നത്.

ശേഷം മരക്കാര്‍ – അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ മലയാള സിനിമകളില്‍ കല്യാണി നായികയായി എത്തി. ഇപ്പോള്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കല്യാണി.

എല്ലാ കഥാപാത്രങ്ങള്‍ക്കും താന്‍ ഹൃദയത്തില്‍ ഓരോ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ ഹൃദയമാണെന്നും ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണെന്നും കല്യാണി പറഞ്ഞു.

ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍. അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത് ബ്രോ ഡാഡിയുടെ സമയത്താണെന്നും തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയത് തല്ലുമാല ചെയ്തപ്പോഴാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും ഞാന്‍ എന്റെ ഹൃദയത്തില്‍ ഓരോ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ ഹൃദയം ആയിരുന്നു.

എന്നാല്‍ ഞാന്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണ്. ആ സിനിമയിലൂടെ ദുല്‍ഖറും, അനൂപും, ജിതിനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി.

അതുപോലെ ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത് ഏത് സിനിമയില്‍ നിന്നാണെന്ന് ചോദിച്ചാല്‍, അത് ബ്രോ ഡാഡിയുടെ സമയത്തായിരുന്നു. പക്ഷെ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയത് തല്ലുമാല ചെയ്തപ്പോഴാണ്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani Priyadarshan Talks About Thallumala