അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഡി.സിയാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. തമിഴിലെ ബ്രാന്‍ഡ് സംവിധായകനായ ലോകേഷ് കനകരാജിനെ നായകനാക്കി ഒരുക്കിയ ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ദേവ്ദാസ് എന്ന വിഖ്യാതനോവലിലെ പ്രധാന കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പലരെയും ഞെട്ടിച്ചു.
പഞ്ചാബി താരം വാമിക ഗബ്ബിയാണ് ഡി.സിയിലെ നായികമാരിലൊരാള്‍. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വാമികയുടെ ചന്ദ്രയെന്ന് നിസംശയം പറയാനാകും. റൊമാന്‍സും ഇമോഷനും മാസും ഒരുപോലെ വഴങ്ങുമെന്ന് വാമിക തെളിയിച്ചിരിക്കുയാണ്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായാണ് പലരും ചന്ദ്രയെ കണക്കാക്കുന്നത്.
വാമിക Photo: Screen grab/ Sun Pictures
വാമികയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് പിന്നാലെ ചന്ദ്ര എന്ന കഥാപാത്രത്തെ ചര്‍ച്ചയാക്കുകയാണ് സിനിമാപേജുകള്‍. വാമികക്ക് മുമ്പ് ചന്ദ്ര എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ച മറ്റ് താരങ്ങളെക്കുറിച്ചാണ് പ്രധാന ചര്‍ച്ച. തമിഴിലും മലയാളത്തിലുമായി ഈ പേരിലുള്ള കഥാപാത്രത്തെയാണ് പലരും ചര്‍ച്ച ചെയ്യുന്നത്.
വെട്രിമാരന്റെ കള്‍ട്ട് ക്ലാസിക് വടചെന്നൈയില്‍ ആന്‍ഡ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നായിരുന്നു. സിനിമയുടെ തുടക്കത്തില്‍ അത്ര പ്രധാന്യമില്ലെങ്കിലും ക്ലൈമാക്‌സിനോടടുത്തുള്ള മാസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്നും ആവേശം നല്‍കുന്ന ഒന്നാണ്. ‘രാജന്‍ പൊണ്ടാട്ടി ടാ നാന്‍’ എന്ന ഒറ്റ ഡയലോഗിലുണ്ട് ആ കഥാപാത്രത്തിന്റെ മുഴുവന്‍ ഫയറും.
ആന്‍ഡ്രിയ Photo: Screen grab/ Wonderbar Films
കഴിഞ്ഞവര്‍ഷം ചന്ദ്ര എന്ന പേരില്‍ മറ്റൊരു കഥാപാത്രവും എത്തിയിരുന്നു. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ചൊരുക്കിയ ലോകഃ ചാപ്റ്റര്‍ വണ്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു. കരിയറിലെ ആദ്യത്തെ ആക്ഷന്‍ റോള്‍ കല്യാണി ഗംഭീരമാക്കി. ലോകഃയുടെ വരും ഭാഗങ്ങളില്‍ ചന്ദ്രയും വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ മറ്റൊരു ചന്ദ്രയായി വാമികയും കളംനിറയുകയാണ്. 18 വര്‍ഷത്തോളം ലൈംഗികത്തൊഴിലാളിയായി ജീവിക്കേണ്ടി വന്നതിന് ശേഷം സ്വാതന്ത്ര്യം ലഭിച്ച ചന്ദ്ര പിന്നീട് കാട്ടുതീയായി മാറുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ സീനില്‍ ചന്ദ്രയുടെ ആറ്റിറ്റ്യൂഡ് അതിഗംഭീരമെന്നല്ലാതെ വേറൊന്നും പറയാനില്ല. വാമികയെയല്ലാതെ മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്പിക്കാന്‍ പോലുമായില്ല.
ഈ മൂന്ന് ചന്ദ്രമാര്‍ക്കും പുറമെ വരലക്ഷ്മി ശരത്കുമാറിന്റെ ചന്ദ്രയെയും (വിക്രം വേദ) ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ചെറുതെങ്കിലും മികച്ച വേഷമായിരുന്നു അത്. എന്നാല്‍ അതിലും ട്രോളന്മാര്‍ ക്രിയേറ്റീവായി കൊണ്ടുവന്ന മുള്ളന്‍ ചന്ദ്രപ്പന്‍ (ഛോട്ടാ മുംബൈ) ചിരിയുണര്‍ത്തുന്നു. ഇനിയങ്ങോട്ട് ചന്ദ്ര എന്ന പേര് സിനിമാലോകത്ത് ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Kalyani Priyadarshan and Andrea became discussion topic after Wamiqa’s performance