ആ ഞെട്ടലല്ല വേണ്ടതെന്നാണ് പൃഥ്വി പറഞ്ഞത്; ലൂസിഫറിലെ അനുഭവം പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍
Malayalam Cinema
ആ ഞെട്ടലല്ല വേണ്ടതെന്നാണ് പൃഥ്വി പറഞ്ഞത്; ലൂസിഫറിലെ അനുഭവം പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 30th July 2026, 10:18 pm

മിമിക്രിയിലൂടെ അഭിനത്തിലേക്ക് കാലെടുത്ത് വെച്ച് ഒരുപാട് വര്‍ഷം ജൂനിയര്‍ ആര്‍ടിസ്റ്റായി മലയാള സിനിമയില്‍ തുടരുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്ത അഭിനേതാവാണ് കലാഭവന്‍ ഷാജോണ്‍. ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചിട്ടുണ്ടെങ്കിലും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രമായാണ് താരം സീരിയസ് വേഷങ്ങളിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ സഹദേവന്‍ എന്ന കഥാപാത്രമായി താരം തിരിച്ചെത്തിയിരുന്നു.

Photo: IMDB

ദൃശ്യത്തിന് പുറമെ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളായ ഒപ്പത്തിലും ലൂസിഫറിലും ഷാജോണ്‍ നെഗറ്റീവ് വേഷത്തിലെത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറില്‍ അലോഷി എന്ന കഥാപാത്രമായിട്ടായിരുന്നു ഷാജോണ്‍ വേഷമിട്ടത്്. മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ ഒറ്റിക്കൊടുക്കുന്ന കഥാപാത്രത്തെ കൊല്ലുന്ന സീനിന് വലിയ കൈയടിയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്.

ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പൃഥ്വിരാജ് നല്‍കിയ ഒരു നിര്‍ദേശത്തെ കുറിച്ചും അത് തന്നെ എപ്രകാരമാണ് സഹായിച്ചത് എന്നതിനെ കുറിച്ചും ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. കുഞ്ഞിന് സുഖമല്ലേ എന്ന് സ്റ്റീഫന്‍ ചോദിക്കുന്നിടത്ത് അലോഷിയുടെ കള്ളങ്ങളെല്ലാം പൊളിയുന്നുണ്ട്. ഈ ചോദ്യം കേട്ടുള്ള തന്റെ പ്രതികരണത്തെ കുറിച്ചാണ് താരം സംസാരിച്ചത്.

Photo: X.com

അതിന്റെ ക്രെഡിറ്റ് പൃഥ്വിരാജിനുള്ളതാണെന്നും ആദ്യം താന്‍ ഞെട്ടിയ റിയാക്ഷന്‍ സംവിധായകന്‍ വേണ്ട എന്ന് പറയുകയായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു. മറ്റൊരു സിനിമയില്‍ ചേട്ടന്‍ ഇങ്ങനെ ഞെട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ഈ റിയാക്ഷന്‍ വേണ്ടെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയുള്ള സംവിധായകര്‍ വരുമ്പോഴാണ് നമ്മള്‍ സ്വയം കണ്ടിട്ടില്ലാത്ത ഒരുപാട് റിയാക്ഷന്‍സ് പുറത്തുവരുന്നതെന്ന് താരം പറയുന്നു. ക്യാമറയ്ക്ക് പിന്നിലുള്ള ആളുകള്‍ക്ക് ഇത്തരത്തില്‍ നമ്മളെ ജഡ്ജ് ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalbhavan Shajon talks about his experience in Empuraan Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.