തൃശൂര്‍: ചലച്ചിത്ര താരവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ വിമര്‍ശിച്ച് കലാമണ്ഡലം ഹേമലത. കലാമണ്ഡലത്തില്‍ പടിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ തഴയുന്നതിനെതിരെയാണ് ഹേമലതയുടെ വിമര്‍ശനം. അഭിനേതാക്കള്‍ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.
“കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഈ പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണം” ഹേമലത പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനും പുരസ്‌കാരം നല്‍കിയിരുന്നു. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിച്ചിട്ടില്ലെന്നും ഹേമലത ചൂണ്ടിക്കാട്ടി.
“നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ല. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അദ്ധ്യാപികമാരെ തഴയുകയാണ്.” അവര്‍ പറഞ്ഞു.
“കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നും” ഹേമലത പറഞ്ഞു.
