ക്രൂരത കാണിക്കാന്‍ ഫുള്‍ ടൈം കണ്ണൊക്കെ ചുവപ്പിച്ചതാ, പക്ഷേ ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടിയോട് കരഞ്ഞ് അപേക്ഷിച്ച് വില പോയി. ദൃശ്യം 3യില്‍ പാളിയ സഹദേവന്റെ തിരിച്ചുവരവ്
Malayalam Cinema
ക്രൂരത കാണിക്കാന്‍ ഫുള്‍ ടൈം കണ്ണൊക്കെ ചുവപ്പിച്ചതാ, പക്ഷേ ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടിയോട് കരഞ്ഞ് അപേക്ഷിച്ച് വില പോയി. ദൃശ്യം 3യില്‍ പാളിയ സഹദേവന്റെ തിരിച്ചുവരവ്
അമര്‍നാഥ് എം.
Thursday, 28th May 2026, 10:03 am

അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമോ എന്ന് പലരും ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 3. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്ക് ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ബലിപെരുന്നാളിന്റെ അവധി മുതലെടുത്ത് 200 കോടി ക്ലബ്ബില്‍ ദൃശ്യം 3 നടന്നുകയറുമോ എന്നാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

ദൃശ്യം എന്ന ഫ്രാഞ്ചൈസിക്കുള്ള സ്വീകാര്യതക്കൊപ്പം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെ റേഞ്ചും കൂടി ചേര്‍ന്നപ്പോള്‍ തിയേറ്ററുകള്‍ ജനസാഗരമായി മാറി. മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്വിസ്റ്റിനും സസ്‌പെന്‍സിനുമപ്പുറം ഇമോഷണല്‍ ഡ്രാമക്കാണ് ജീത്തു ജോസഫ് പ്രാധാന്യം നല്‍കിയത്. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ സൈഡ് വര്‍ക്കായതാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

എന്നാല്‍ മോഹന്‍ലാലിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ മുഴച്ചുനില്‍ക്കുന്ന ചിത്രമാണ് ദൃശ്യം 3. ലൂപ്‌ഹോളുകളാല്‍ നിറഞ്ഞ ജീത്തു ജോസഫിന്റെ സ്‌ക്രിപ്റ്റാണ് ഇതില്‍ പ്രധാനം. പല കഥാപാത്രങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റം കണ്‍വിന്‍സിങ്ങാക്കാന്‍ സംവിധായകന് സാധിക്കാതെ പോയതും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്.

 

അത്തരത്തിലൊന്നാണ് സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവര്. കാര്യമായ സംഭവ വികാസങ്ങളൊന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന ആദ്യപകുതി അവസാനിക്കുന്നത് സഹദേവന്റെ റീ എന്‍ട്രിയിലാണ്. അതുവരെ ഉറങ്ങിക്കിടന്ന തിയേറ്റര്‍ ഈയൊരൊറ്റ സീനിലൂടെ പൂരപ്പറമ്പായി മാറി. ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച സഹദേവന്‍ എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇത്രയും മികച്ചൊരു കഥാപാത്രത്തെ മൂന്നാം ഭാഗത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സംവിധായകന്‍ അതിനോട് നീതി പുലര്‍ത്തിയില്ലെന്ന് പറയേണ്ടി വരും. സഹദേവന്‍ പഴയതിനെക്കാള്‍ ക്രൂരനായി മാറിയെന്നാണ് സംവിധായകന്‍രെ ജസ്റ്റിഫിക്കേഷന്‍. എന്നാല്‍ ഈയൊരു പോയിന്റ് പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യാന്‍ ജീത്തു കാണിച്ച മാര്‍ഗം ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.

 

പൊലീസ് ജോലി പോയി റിയല്‍ എസ്‌റ്റേറ്റും വണ്ടിക്കച്ചവടവുമായി കഴിയുന്ന ആളായിട്ടാണ് സഹദേവനെ കാണിച്ചിരിക്കുന്നത്. സ്‌റ്റൈലായി താടി വളര്‍ത്തിയ സഹദേവന്‍ മുഴുവന്‍ സമയവും മദ്യപാനമാണെന്നും പറയുന്നുണ്ട്. ക്രൂരനാണെന്ന് കാണിക്കാന്‍ സ്‌ക്രീനിലെത്തുന്ന സമയത്തെല്ലാം ഈ കഥാപാത്രത്തിന്റെ കണ്ണ് ചുവപ്പിച്ചിരിക്കുകയാണ്. കുഞ്ഞിക്കൂനനില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഗരുഡന്‍ വാസുവിനെയാണ് ഈ സമയത്തെല്ലാം ഓര്‍മ വന്നത്.

എന്നാല്‍ ഇതിനെക്കാള്‍ കോമഡിയാണ് സഹദേവന്‍ എന്ന കഥാപാത്രത്തിന് കൊടുത്ത എന്‍ഡിങ്. തന്റെ ജീവിതം ഇല്ലാതാക്കിയ ജോര്‍ജുകുട്ടിയോട് പ്രതികാരം നടത്താനാണ് സഹദേവന്‍ തിരിച്ചുവന്നത്. ഏതുവിധേനയും അയാളെ കുടുക്കാന്‍ ശ്രമിക്കുന്ന, യാതൊരു ദയയുമില്ലാത്ത സഹേദവന്‍ ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടി കത്തി കാണിച്ച് പേടിപ്പിക്കുമ്പോള്‍ കരഞ്ഞ് അപേക്ഷിക്കുകയാണ്.

ആദ്യഭാഗത്തില്‍ ജോര്‍ജുകുട്ടിയെ പൂട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കാണിച്ച കഥാപാത്രമാണ് സഹദേവന്‍. അതിനായി ചെറിയ കുട്ടിയെ പോലും അയാള്‍ തല്ലുന്നുണ്ട്. ഇങ്ങനെയുള്ള കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ അതിന്റേതായ പ്രാധാന്യം നല്‍കുന്നതില്‍ ജീത്തു പരാജയപ്പെട്ടെന്ന് പറയാതെ വയ്യ. ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവും കൂടുതല്‍ ട്രോള്‍ ലഭിക്കാന്‍ പോകുന്നത് സഹദേവന്റെ കാര്യത്തിലാകുമെന്ന് ഉറപ്പാണ്.

Content Highlight: Kalabhavan Shajohn’s character arc failed in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം