ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന ഒരു മാസ്സ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

കടുവ ആഘോഷിക്കാന്‍ പറ്റുന്ന മാസ് ചിത്രമാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജനഗണമനയുടെ ഒ.റ്റി.റ്റി റിലീസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സ് ട്വിറ്റര്‍ സ്‌പേസില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് പൃഥിയുടെ പ്രതികരണം.

‘ഞാന്‍ കുറച്ച് നാളായി മനപൂര്‍വ്വം ഒഴിവാക്കിയ ജോനറാണ് മാസ് ആക്ഷന്‍ സിനിമകള്‍. ഞാന്‍ അത്തരം സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നില്ല എന്ന് അറിയാവുന്ന എന്റെ സുഹൃത്ത് തന്നെയാണ് കടുവയുടെ തിരക്കഥകൃത്തായ ജിനു അബ്രഹാം.

ജിനു ഈ കഥ എന്നെ വായിച്ച് കേള്‍പ്പിക്കാന്‍ ആദ്യം വന്നപ്പോള്‍ തന്നെ എന്നോട് പറഞ്ഞിരുന്നു
ഇത് ഇത്തരത്തിലുള്ള ഒരു മാസ് ആക്ഷന്‍ സിനിമയാണെന്ന്.

രാജു ഇതൊന്ന് കേള്‍ക്കു കേട്ടിട്ടും ഇത് ചെയ്യണ്ട എന്ന് ആണെങ്കില്‍ കുഴപ്പമില്ല പറഞ്ഞു. പക്ഷെ തിരക്കഥ വായിച്ച് കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഇത് ചെയ്യണം എന്ന് തോന്നി. ഈ കഥ ഞാന്‍ കേള്‍ക്കുന്നത് 2019ലാണ്. ഈ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്താല്‍ നന്നാവും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞാനാണ് ഷാജി ചേട്ടനെ വിളിച്ച് കഥ കേള്‍ക്കാന്‍ പറയുന്നത്. കടുവ ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ് അതിന് അപ്പുറം ഒന്നും പ്രതിക്ഷിക്കരുത്. അതിന് ഇപ്പുറവും അല്ല സിനിമ’ – പൃഥ്വി പറഞ്ഞു.

ജൂണ്‍ 30 നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുക.

നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ഹൈക്കോടതി സ്റ്റേ ഉള്‍പ്പെടെ നിരവധി തടസങ്ങളാണ് ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ‘കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍’ നല്‍കിയ ഹരജിയില്‍ ചിത്രീകരണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights : Kaduva is an Action Packed Mass entertainer says Prithviraj