ശബരിമല വിധിക്ക് പിന്നില്‍ ആര്‍.എസ്.എസ്; കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കള്‍: കടകംപള്ളി സുരേന്ദ്രന്‍
Sabarimala
ശബരിമല വിധിക്ക് പിന്നില്‍ ആര്‍.എസ്.എസ്; കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കള്‍: കടകംപള്ളി സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 12:44 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍.എസ്.എസ് ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 12 വര്‍ഷം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണെന്നും കടകംപള്ളി പറഞ്ഞു.

അനുകൂല വിധി സമ്പാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബി.ജെ.പിയാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ല. വിശ്വാസികളെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.


മീടു; ലൈംഗികാരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി


സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല.

വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍.എസ്.എസ് നിലപാടാണ് ശരി. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല. സാമൂഹികമാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുതെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, സ്ത്രീപ്രവേശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂരില്‍ ശബരിമല കര്‍മസമിതി പയ്യന്നൂര്‍ പെരുമ്പ ദേശീയപാത ഉപരോധിച്ചു. വിവിധ ജില്ലകളില്‍ റോഡ് ഉപരോധ പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്.